17 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsറിയാസ്
കൊട്ടിയം: എം.ഡി.എം.എയുമായി അന്തർ സംസ്ഥാന മയക്കുമരുന്ന് കണ്ണിയായ ‘ബാംഗ്ലൂർ അപ്പു’ എന്നറിയപ്പെടുന്ന മയ്യനാട് പടനിലം മനു മാൻസി വീട്ടിൽ റിയാസ് (32 -അപ്പു) കൊല്ലം എക്സൈസ് സ്ക്വാഡിന്റെ പിടിയിലായി. ആഡംബര വാഹനത്തിൽ എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഇയാളെ മേവറം പടനിലം അമ്പലത്തിന് മുന്നിൽ സാഹസികമായി പിടികൂടിയത്.
എക്സൈസിനെ കണ്ട് അതിവേഗത്തിൽ വാഹനം ഓടിച്ചുകടക്കാൻ ശ്രമിക്കവേ എക്സൈസ് സംഘം വാഹനം വളഞ്ഞിട്ട് തടഞ്ഞു. ഇയാളിൽനിന്ന് 17 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന ഇയാൾ ജില്ലയിൽ വളരെ അപൂർവമായി മാത്രമാണ് എത്താറുള്ളത്. രണ്ട് ദിവസം മുമ്പ് കേരളത്തിൽ എത്തിയതായി വിവരം ലഭിച്ചത് മുതൽ എക്സൈസ് ഷാഡോ ടീം നിരീക്ഷണത്തിലായിരുന്നു. കൊല്ലം എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ എ.ഇ.ഐ ഗ്രേഡ് നിർമലൻ തമ്പി, പ്രിവന്റീവ് ഓഫിസർമാരായ ടി.ആർ. ജ്യോതി, അനീഷ്, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ജി. ഗംഗ, ശ്രീമോൾ, സി.ഇ.ഒമാരായ സലീം, കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

