എം.ഡി.എം.എ കേസ്: ഇടനിലക്കാരൻ ബംഗളൂരുവിൽ അറസ്റ്റിൽ
text_fieldsരാഹുൽ സുഭാഷ്
കൊട്ടാരക്കര: കൊട്ടാരക്കരയിൽ 403 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിലെ ഇടനിലക്കാരൻ ബംഗളൂരുവിൽ അറസ്റ്റിലായി. പൂയപ്പള്ളി പൊലീസും കൊട്ടാരക്കര റൂറൽ ഡാൻസാഫ് ടീമും ചേർന്നുള്ള സംയുക്ത അന്വേഷണത്തിലാണ് തൃശ്ശൂർ കൊടുങ്ങല്ലൂർ വില്ലേജിൽ പടാകുളം നോർത് കളപ്പുരക്കൽ വീട്ടിൽ രാഹുൽ സുഭാഷ് (32) അറസ്റ്റിലായത്.
ഒക്ടോബർ ഒന്നിന് രാത്രി 11നാണ് പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലെ പരുത്തിയറ ഗവ. എൽ.പി സ്കൂളിന് സമീപത്ത് എം.ഡി.എം.എയുമായി കുണ്ടറ സ്വദേശി ദുഷ്യന്തൻ അറസ്റ്റിലായത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി ഷാജി സുഗുണൻ, കൊട്ടാരക്കര ഡിവൈ.എസ്.പി, എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി പൊലീസും റൂറൽ ഡാൻസഫ് ടീമും അടങ്ങിയ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ദുഷ്യന്തനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഉറവിടങ്ങളിലേക്ക് അന്വേഷണം നീണ്ടത്. ഡൽഹിയിൽനിന്നും ബംഗളൂരുവിൽനിന്നുമാണ് ആണ് എം.ഡി.എം.എ എത്തിച്ചുനൽകുന്നത്.
റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും ബംഗളൂരുവിലെയും ഡൽഹിയിലെയും ഇരുവരും താമസിച്ചിരുന്ന ലോഡ്ജിന്റെ വിവരങ്ങളും രാജധാനി എക്സ്പ്രസിൽ ബുക്ക് ചെയ്ത ടിക്കറ്റ് വിവരങ്ങളും അന്വേഷണ ഭാഗമായി ശേഖരിച്ചു. കൂടാതെ ദുഷ്യന്തന്റെ ഫോൺ ചാറ്റുകളും പ്രതിയിലേക്ക് എത്താൻ സഹായകമായി. ബംഗളൂരുവിലെത്തിയ ഡാൻസാഫ് ടീമും പൊലീസ് സംഘവും നാല് ദിവസം നീണ്ട പരിശോധനക്കൊടുവിലാണ് രാഹുൽ സുഭാഷിനെ കണ്ടെത്തിയത്. 2017ലും ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും രാഹുലിന്റെയും സലാഹുദ്ദീൻ എന്ന മറ്റൊരാളുടെയും പക്കൽ നിന്നും ആലുവ എക്സൈസ് മൂന്ന് കിലോ എം.ഡി.എം.എ പിടികൂടിയിരുന്നു. അതിൽ സലാഹുദ്ദീന് കോടതി പത്തുവർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. എന്നാൽ രാഹുൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടി ഒളിവിൽ പോവുകയായിരുന്നു.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലും എം.ഡി.എം.എ പിടിച്ച കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്. പൂയപ്പള്ളി സി.ഐ എം. മനോജ്, എസ്.ഐ വിഷ്ണു, റൂറൽ ഡാൻസാഫ് എസ്.ഐമാരായ ഷാനവാസ്, മനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുത്തു. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും എം.ഡി.എം.എയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ഡിവൈ.എസ്.പി എസ്. ഷെരീഫ് അറിയിച്ചു.

