മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട; എയർ കൂളറിൽ ഒളിപ്പിച്ചു കടത്തിയ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിൽ
text_fieldsകൊച്ചി: മട്ടാഞ്ചേരിയിൽ രാസലഹരി വേട്ട. രണ്ട് കിലോയിലധികം വരുന്ന എം.ഡി.എം.എയുമായി രണ്ടുപേര്‍ മട്ടാഞ്ചേരി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായി. മട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകക്ക് താമസിക്കുന്ന നൗഫൽ, മട്ടാഞ്ചേരി തായകത്ത് ടി.എ. സഫീർ എന്നിവരാണ് പിടിയിലായത്. പാലാരിവട്ടം കറുപ്പത്ത് ജങ്ഷനിൽനിന്ന് എം.ഡി.എം.എയുമായി പിടിയിലായ സഫീർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നൗഫലിനെ പിടികൂടിയത്.
ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് 16 ഗ്രാം എം.ഡി.എം.എ പിടികൂടി. വീട്ടിൽനിന്ന് നാലു കിലോമീറ്റർ അകലെ കരുവേലിപ്പടിയിൽ പാർക്ക് ചെയ്തിരുന്ന ഇയാളുടെ കാറിൽനിന്ന് രണ്ടു കിലോയോളം എം.ഡി.എം.എയും പിടിച്ചെടുത്തു. എറണാകുളത്തും പരിസര പ്രദേശങ്ങളിലും നാലു മാസമായി ലഹരിമരുന്ന് എത്തിച്ചിരുന്നത് നൗഫലാണെന്ന് പൊലീസ് പറയുന്നു. അഞ്ച് വർഷത്തിലേറെയായി ലഹരി ഇടപാടുകളിൽ സജീവമായ ഇയാൾ ഒട്ടേറെ മോഷണ, ലഹരിക്കേസുകളിലെ പ്രതിയാണ്. സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ് ശുപാർശ ചെയ്തിട്ടുമുണ്ട്.
ഡൽഹിയിൽ നിന്നാണ് ഇയാൾ ലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എയർ കൂളറിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ നാട്ടിലെത്തിച്ചതെന്നാണ് വിവരം. നൗഫലിന്റെ കാറിൽനിന്നു പിടിച്ച എം.ഡി.എം.എ, ഓർഡർ ചെയ്തത് സഫീറാണ്. സഫീറിനെയും നൗഫലിനെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിൽ സഫീറിനെ ഡാൻസാഫ് സംഘം പിടികൂടുമ്പോൾ അയാളുടെ കൈയിൽ ഉണ്ടായിരുന്നത് 1.01 ഗ്രാം എം.ഡി.എം.എയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലും രാത്രിയോടെ പാലാരിവട്ടം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ ഡാൻസാഫ് സംഘം മട്ടാഞ്ചേരിയിലെ നൗഫലിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയിൽ 16 ഗ്രാം എം.ഡി.എം.എ ലഭിച്ചു. പിന്നീട് കാറും പരിശോധിക്കുകയായിരുന്നു.
പാക്കിങ് പൊട്ടിക്കാത്ത മൂന്ന് എയർ കൂളറുകളും വാട്ടർ ഫിൽട്ടറോടു കൂടിയ ഒരു കൂളിങ് കാബിനറ്റുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എയർ കൂളറുകൾ അഴിച്ചപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച എം.ഡി.എം.എ കണ്ടെത്തിയത്. നൈജീരിയ അടക്കം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഡൽഹിയിൽ എം.ഡി.എം.എ വിതരണം ചെയ്യുന്നതെന്ന് പ്രതികൾ പറഞ്ഞു. ലഹരിറാക്കറ്റിലുള്ളവർ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി അഴിച്ച് ലഹരി അതിൽ ഒളിപ്പിക്കും. ശേഷം പഴയതു പോലെ പാക്ക് ചെയ്ത് ട്രെയിനിൽ പാഴ്സൽ ബുക്ക് ചെയ്ത് കേരളത്തിലേക്ക് അയക്കുമെന്നും ഇവിടെയെത്തുമ്പോൾ നൗഫലും സഫീറും അടക്കമുള്ളവർ അത് ഏറ്റുവാങ്ങുകയാണ് പതിവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

