മാസ്റ്റേഴ്സ് ഫിൻകോർപ്പ് ഗ്രൂപ് ഓഹരി തട്ടിപ്പ്: ദമ്പതികളെ കണ്ടെത്താനാകാതെ പൊലീസ്
text_fieldsകാക്കനാട്: മാസ്റ്റേഴ്സ് ഫിൻകോർപ് ഗ്രൂപ് ഓഹരി തട്ടിപ്പ് കേസിൽ പ്രതികളായ ദമ്പതികളെ കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ച് പൊലീസ്. ഇവർ ദുബൈയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥർ. പ്രതികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും ബിസിനസ് സംബന്ധമായി വിദേശയാത്രകൾ ചെയ്യാറുള്ളതിനാൽ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൃത്യമായി സ്ഥലം കണ്ടെത്തിയാൽ മാത്രമേ തിരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാകൂ.
തട്ടിപ്പിലൂടെ ലഭിച്ച പണംകൊണ്ട് ഫ്ലാറ്റുകളും ആഡംബര ഫ്ലാറ്റുകളും വാങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് റവന്യൂ, മോട്ടോർ വാഹന വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആവശ്യമെങ്കിൽ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെ നടപടികൂടി ലക്ഷ്യമിട്ടാണിത്. അതേസമയം, പ്രതികളുടെ ഓഫിസിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഹാർഡ് ഡിസ്കിലെ വിവരങ്ങൾ ലഭിച്ചാലേ കൂടുതൽ തട്ടിപ്പ് സംബന്ധിച്ച പൂർണവിവരം ലഭിക്കൂ.
ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ഓഹരി വിപണിയിൽ ഇടനിലക്കാരായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. 2014 മുതൽ പ്രവർത്തിച്ചിരുന്ന കമ്പനി കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പൂട്ടിയനിലയിൽ കണ്ടെത്തിയത്.അടുത്തകാലംവരെ കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ലാഭവിഹിതം വൈകാൻ തുടങ്ങിയതോടെയാണ് നിക്ഷേപകർക്ക് സംശയം തോന്നിയത്. പണം നഷ്ടപ്പെടുമെന്ന ഭീതിയിൽ കൂടുതൽപേർ എത്തിത്തുടങ്ങിയതോടെയാണ് സ്ഥാപനം അടച്ചുപൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

