അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വൻ പുകയില ശേഖരം പിടികൂടി; രണ്ട് പേർക്കെതിരെ കേസ്
text_fieldsകണ്ടെടുത്ത പുകയില ഉൽപന്നങ്ങൾ
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വൻ നിരോധിത പുകയില ശേഖരം പിടികൂടി. സംഭവത്തിൽ പാലക്കാട് സ്വദേശി കാജാ ഹുസൈൻ (36), വാഹനത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട അസം സ്വദേശി അമീർ ഹംജ (38) എന്നിവർക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. തൃശൂർ - പാലക്കാട് ദേശീയപാതയിൽ മംഗലം പാലത്തിന് സമീപത്തുണ്ടായ അപകടത്തിന് പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് 13 ചാക്കുകളിലായി വിവിധ ഇനത്തിൽപെട്ട നിരോധിത പുകയില ഉൽപന്ന ശേഖരം കാറിൽ നിന്ന് കണ്ടെത്തിയത്.
റോഡരികിലെ ചാലിലേക്ക് സ്വിഫ്റ്റ് ഡിസയർ കാർ മറിഞ്ഞ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെയാണ് ഒന്നാം പ്രതിയായ അമീർ ഹംജ ഓടിരക്ഷപ്പെട്ടത്. ഡ്രൈവർ കാജാ ഹുസൈനും അമീർ ഹംജയും ഭാര്യ ആബിദ ഹാത്തൂദും (32) കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. പെരുമ്പാവൂരിൽ നിന്ന് പാലക്കാട്ടേക്ക് കടത്തുകയായിരുന്നു പുകയില ഉൽപന്നങ്ങൾ. കാറിന്റെ സീറ്റുകളിലും ഡിക്കിയിലുമായി ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. വിവിധ ബ്രാൻഡുകളുടെ 40240 പാക്കറ്റ് പുകയില ഉൽപന്നങ്ങളും ഒരു ചാക്ക് ഉണങ്ങിയ പുകയിലയുമാണ് പിടിച്ചെടുത്തത്.
കാറും പുകയില ശേഖരവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി വടക്കഞ്ചേരി പൊലീസ് അറിയിച്ചു. എസ്.ഐ സി.ആർ. സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ്, ഹോം ഗാർഡ് പ്രഭാകരൻ എന്നിവരാണ് പുകയില ഉൽപന്നങ്ങൾ പിടികൂടാൻ നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

