മാന്നാറിൽ വൻ മോഷണം; രണ്ട് വീടുകൾ കുത്തിത്തുറന്ന് കവർച്ച
text_fieldsഡോ. കെ.ദിലീപ് കുമാറിന്റെ വസതിയിൽ നടന്ന
മോഷണത്തിന്റെ തെളിവ് ശേഖരിക്കുന്നു
ചെങ്ങന്നൂർ: തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോരത്തെ രണ്ട് വീടുകളിൽ വൻ മോഷണം. വീടുകൾ കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. മാന്നാർ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ ഊട്ടുപറമ്പ് സ്കൂളിനു സമീപം കൃഷ്ണ നഴ്സിങ് ഹോം ഉടമ ദീപ്തിയിൽ ഡോ.കെ. ദിലീപ്കുമാറിന്റെയും മഹാത്മജി സ്മാരക വായനശാലക്ക് സമീപം പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ ദിവസ് സമ്മാൻ ജേതാവുമായ രാജശ്രീയിൽ വി. കെ.രാജശേഖരൻ പിള്ളയുടെ (ബാബു)യും വീട്ടിലാണ് മോഷണം നടന്നത്. ഡോക്ടറുടെ വീട്ടിലെ മോഷണം സംബന്ധിച്ച് അന്വേഷിക്കുമ്പോഴാണ് പ്രവാസി വ്യവസായിയുടെ വീട്ടിലെ കവർച്ച കണ്ടെത്തിയത്.
ഡോ. ദിലീപ്കുമാറിന്റെ വീട്ടിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെ ജോലിക്കാരി സുജാത എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. മുൻവശത്തെ ഗ്രില്ലിന്റെ പൂട്ടും പ്രധാന വാതിലിന്റെ കതകും തകർത്ത് ഉള്ളിൽ കയറുന്നതിനു മുമ്പായി സി.സി.ടി.വി കാമറകൾ നശിപ്പിച്ചിരുന്നു. ഡി. വി. ആർ കൊണ്ടുപോയി. മുറികളിലെല്ലാം കയറി സാധന സാമഗ്രികളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മാന്നാർ പൊലീസെത്തി അന്വേഷണം തുടങ്ങി രാജശേഖരൻ പിള്ളയുടെ വീട്ടിലെ സി.സി.ടി.വി കാമറക്കു മുന്നിലെത്തിയപ്പോഴാണ് മുകൾ നിലയിലെ കതക് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച അറിയുന്നത്.
രാജശേഖരൻ പിള്ളയുടെ വീടിന്റെ മുൻവശത്തെ വാതിൽ കമ്പി പാരയോ മറ്റോ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. എല്ലാ മുറികളുടെയും വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു. മോഷ്ടാക്കൾ രണ്ടു നിലകളിലെ 12 മുറികളിലും ലോക്കറുകൾ ഉൾപ്പെടെയുള്ളവ തകർത്ത് സ്വർണാഭരണങ്ങൾ ഉൾപ്പെടെ വിലപ്പെട്ടവയെല്ലാം അപഹരിച്ചതായിട്ടാണ് വിവരം. ഉടമയും കുടുംബവും തിങ്കളാഴ്ച നാട്ടിലെത്തിയാൽ മാത്രമേ എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന വിവരം ലഭിക്കൂ. ആലപ്പുഴയിൽ നിന്നുള്ള കെ നയൻ ഡോഗ് സ്ക്വാഡിലെ ‘ജൂഡി’ സ്ഥലത്തെത്തി ഇരു വീടുകളിലുമായി ഓടിക്കൊണ്ടിരുന്നു. വിരലടയാള വിദഗ്ധൻ അപ്പുക്കുട്ടൻ, സോബി, ഫോട്ടോഗ്രാഫർ ചന്ദ്രദാസ് എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു.