ക്ഷേമനിധികളിൽ വൻ സാമ്പത്തിക തട്ടിപ്പ്; ഹൈദരാബാദിൽ രണ്ട് ജീവനക്കാർ പിടിയിൽ
text_fieldsഹൈദരാബാദ്: ഹൈദരാബാദ് സിറ്റി ആംഡ് റിസർവ് ആസ്ഥാനത്ത് നിന്ന് 1.33 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. വ്യാജ ഒപ്പിട്ട് ചെക്കുകൾ മാറിയാണ് വിവിധ ക്ഷേമ-സേവന ഫണ്ടുകളിൽ നിന്നുള്ള തുക ഇവർ തിരിമറി നടത്തിയത്. സി.എ.ആർ ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇ. കല്യാണി ഒക്ടോബർ 28-ന് സെൻട്രൽ ക്രൈം സ്റ്റേഷനിൽ (സി.സി.എസ്) നൽകിയ പരാതിയെത്തുടർന്നാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. പരിശോധനയ്ക്കിടെ വിദ്യാഭ്യാസ, കായിക, വിധവ, ദോബി, വിനോദ ഫണ്ടുകൾ, യൂനിറ്റ് വെൽഫെയർ, ജലവിതരണം, കാന്റീൻ അക്കൗണ്ടുകൾ തുടങ്ങിയ വിവിധ ഫണ്ടുകളിൽ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു.
പഴയ ചെക്ക് ബുക്കുകളിൽ ഉപയോഗിക്കാതെ കിടന്ന ചെക്ക് ലീഫുകൾ ദുരുപയോഗം ചെയ്‌ത് ജൂനിയർ അസിസ്റ്റന്റുമാരായ ബി. വിനയ് കുമാർ, മൊഹ്‌സിൻ ജലാൽ എന്നിവർ ഉദ്യോഗസ്ഥരുടെ ഒപ്പുകൾ വ്യാജമായി നിർമ്മിച്ച് പണം പിൻവലിച്ചതായി പരാതിയിൽ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഹുസൈനി ആലം ബ്രാഞ്ചിൽ ഹാജരാക്കിയ ഈ ചെക്കുകൾ വഴി വിവിധ വ്യക്തിഗത അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പരാതിക്കാരി വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സി.സി.എസ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2022 ആഗസ്റ്റിനും 2026 ഏപ്രിലിനും ഇടയിൽ നടത്തിയ 35 സംശയാസ്പദമായ ചെക്ക്, എൻ.ഇ.എഫ്.ടി ഇടപാടുകൾ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക രേഖകളുടെയോ ക്യാഷ് ബുക്കുകളുടെയോ പിന്തുണയില്ലാതെയാണ് ഈ ഇടപാടുകൾ നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ ചിലരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 29-ന് അറസ്റ്റിലായ ജലാലിനെയും കുമാറിനെയും കോടതി റിമാൻഡ് ചെയ്തു.

