ഒറ്റപ്പാലത്ത് വൻ ലഹരിവേട്ട; 70 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsചിനക്കത്തൂർകാവ് പരിസരത്തുനിന്ന് പൊലീസ് പിടികൂടിയ ബിഹാർ സ്വദേശിയും പുകയില ഉൽപന്നങ്ങളും
ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി പാതയിൽ ലോറിയിലും പിക്കപ്പ് വാനിലും കടത്തിയ 70 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വാഹനത്തിലുണ്ടായിരുന്ന ബിഹാർ സ്വദേശി വിജയ് ചൗധരിയെ (36) ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ അഞ്ചോടെ ചിനക്കത്തൂർകാവ് പരിസരത്ത് നടത്തിയ പരിശോധക്കിടെയാണ് സംഭവം. ഒറ്റപ്പാലം സി.ഐ എം. സുജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പൊലീസിനെ കണ്ടതോടെ വാഹനങ്ങളിലെ ഡ്രൈവർമാർ ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. എങ്കിലും ബീഹാർ സ്വദേശിയെ പിടികൂടാനായി. തുടർന്ന് നടന്ന പരിശോധനയിലാണ് 202 ചാക്കുകളിൽ നിറച്ച നിലയിൽ 1.40 ലക്ഷം പാക്കറ്റുകളിലായി ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിൽപന നടത്താനാണ് ഇവ കൊണ്ടുവന്നതെന്ന് ഒറ്റപ്പാലം എസ്.ഐ പി. ശിവശങ്കരൻ പറഞ്ഞു. എസ്.എച്ച്.ഒ എൻ. സുജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐമാരായ പി. ശിവശങ്കരൻ, എം. കബീർ, എ.എസ്.ഐമാരായ ടി.ആർ. ശശി, ടി.എ. ജോസഫ്, സി.പി.ഒമാരായ എച്ച്. അർഷാദ്, എം. രവി, ടി.പി. സഞ്ജിത് എന്നിവർ പങ്കെടുത്തു.

