നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; മാരക രാസലഹരിയുമായി വിദേശ വനിത അറസ്റ്റിൽ
text_fieldsനെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. മാരക രാസലഹരിയായ മെത്താക്യുലോൺ ആണ് കസ്റ്റംസും സിയാൽ സുരക്ഷാ വിഭാഗവും കൂടി പിടികൂടിയത്. സംഭവത്തിൽ ടോംഗോ സ്വദേശിയും 44കാരിയുമായ ലത്തിഫാറ്റു ഔറോയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദോഹയിൽ നിന്നുള്ള വിമാനത്തിലാണ് വിദേശ വനിത നാലു കിലോ മെത്താക്യുലോൺ ഒളിച്ചു കടത്തിയത്. ദോഹയിൽ നിന്ന് കൊച്ചിയിൽ എത്തുകയും തുടർന്ന് ഡൽഹിയിലേക്ക് പോകാനുമായിരുന്നു യുവതി തീരുമാനിച്ചിരുന്നത്. ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരുന്ന യുവതിയുടെ ബാഗ് സംശയം തോന്നി സിയാൽ അധികൃതർ പരിശോധിക്കുകയായിരുന്നു.
തുടർന്ന് കസ്റ്റംസിനെ വിവരം അറിയിക്കുകയും ദേഹപരിശോധന അടക്കം വിശദമായി പരിശോധിച്ചപ്പോഴാണ് രാസലഹരി കണ്ടെത്തിയത്. ബാഗിലെ സാധനങ്ങൾക്കുള്ളിൽ രണ്ടു കിലോയുടെ രണ്ട് പാക്കറ്റുകളിലായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
ഡൽഹിയിൽ എത്തിച്ച് ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു വിദേശ വനിതയുടെ ലക്ഷ്യം. മുമ്പ് ഇതേ മാർഗത്തിൽ യുവതി ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

