കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് അരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി പൊലീസ്
text_fieldsഅറസ്റ്റിലായ ആന്റണി
കൊണ്ടോട്ടി: വിദേശത്തുനിന്ന് കൊണ്ടുവന്ന എം.ഡി.എം.എയുമായി തൃശൂര്‍ സ്വദേശിയെ കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. തൃശൂര്‍ കൊരട്ടി പഴേക്കര ലിഗീഷ് ആന്റണിയാണ് (49) പിടിയിലായത്. ബാഗില്‍ വിദഗ്ധമായി ഒളിപ്പിച്ച ഒരു കിലോ എം.ഡി.എം.എ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ഇതിന് അരക്കോടി രൂപയിലധികം വില വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കരിപ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി ഓപറേഷൻ നടത്തിയത്. ഞായറാഴ്ച രാവിലെ മസ്‌കത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ലിഗീഷ് വിമാനത്താവളത്തിലെ പരിശോധനകളെല്ലാം അതിജീവിച്ച് പുറത്തിറങ്ങിയപ്പോൾ പൊലീസ് സംഘം പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ ബാഗേജുകള്‍ പരിശോധിച്ചപ്പോൾ വിവിധ സാധനങ്ങള്‍ക്കൊപ്പം വിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തി.
ലിഗീഷ് മയക്കുമരുന്ന് കാരിയർ മാത്രമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ മറ്റു കണ്ണികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ എം. അബ്ബാസ് അലി, എസ്.ഐ ജിഷില്‍, ഡാൻസാഫ് അംഗങ്ങളായ രതീഷ് ഒരളിയന്‍, സുബ്രഹ്‌മണ്യന്‍, മുസ്തഫ, കരിപ്പൂര്‍ പൊലീസ് ഉദ്യോഗസ്ഥരായ അജിത്ത്, അബ്ദുല്ല ബാബു, ഷിനോജ്, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി വൻതോതില്‍ രാസലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാണെന്ന് കരിപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അബ്ബാസ് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

