കൂട്ടക്കൊലപാതകം; രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
text_fieldsബംഗളൂരു: നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി പൊലീസ് കണ്ടെടുത്തു. പ്രതി എസ്. ഇന്ദുശേഖറിന്റെ ഭാര്യ സുനിതയുടെയും അമ്മ രൂപവതിയുടെയും മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലം ജില്ലയിലെ വനപ്രദേശത്ത് നിന്ന് കണ്ടെടുത്തു. ഇതോടെ കേസിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. നന്ദി ഹിൽസിന് സമീപം നടത്തിയ വ്യാപക തിരച്ചിലിൽ ശിവകുമാറിന്റെ മകന് പുനീതിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമായി കുടുംബാംഗങ്ങൾ അടങ്ങുന്ന 12 അംഗ സംഘം സേലത്തെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹങ്ങളിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ദുശേഖർ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും ശരീരത്തിൽനിന്ന് ആഭരണങ്ങൾ നീക്കം ചെയ്തതായാണ് പൊലീസിന്റെ നിഗമനം. ഇവയില്‍ ചില ആഭരങ്ങള്‍ വിറ്റതായും പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ എസ്. ഇന്ദുശേഖറിനെ ബുധനാഴ്ച അള്‍സൂർ ഗേറ്റിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 16നും 31നും ഇടയിൽ രാജാജിനഗറിലെ തന്റെവാടക വീട്ടിലാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. ഭാര്യയെ ആട്ടുകല്ലുകൊണ്ട് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യാ സഹോദരന്മാരായ ശങ്കർ, ശിവകുമാർ, ഇവരുടെ ഭാര്യമാരായ നളിനി, ദിവ്യ, ശിവകുമാറിന്റെ മകന് പുനീത്,ഭാര്യയുടെ അമ്മ രൂപവതി എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച ശേഷം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലും തമിഴ്നാട്ടിലും ഉപേക്ഷിക്കുകയായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കവും അതിന് ഭാര്യയുടെ കുടുംബാംഗങ്ങള്‍ ഭാര്യക്ക് നൽകിയ പിന്തുണയുമാണ് കൊലപാതകങ്ങൾക്ക് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകങ്ങളിലും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലും ഇയാളുടെ 17 വയസ്സുള്ള മകളുടെ പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്.
സിനിമയെവെല്ലുന്ന കൊലപാതകം, ഇന്ദു ശേഖര്‍ കൊടും ക്രിമിനൽ
ബംഗളൂരു: നാടിനെ നടുക്കിയ കൊലപാതകത്തിന്റെ തിരക്കഥ ഇന്ദു ശേഖര്‍ നേരത്തെ രചിച്ചിരുന്നു. 20 വര്‍ഷത്തെ ദാമ്പത്യപൊരുത്തക്കേടുകള്‍ കവര്‍ന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെയാണ്. ഇന്ദു ശേഖര്‍ -സുനിത ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. സുനിതയുടെ പക്ഷം നിന്ന എല്ലാവരോടും ശേഖറിന് നീരസമായിരുന്നു. ഒക്ടോബര്‍ 14ന് സുനിതയുമായി വഴക്കിട്ട പ്രതിയുടെ മനസ്സില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രതികാരം അണപൊട്ടിയൊഴുകി. സുനിതയെ ഉന്മൂലനം ചെയ്യാന്‍ ശേഖര്‍ തീരുമാനിച്ചു. ഇതിനായി ഉറക്കമരുന്ന്, ടാപ്പ് എന്നിവ വാങ്ങുകയും ചെയ്തു. ഒക്ടോബര്‍ 16ന് ആട്ടിറച്ചി പാചകം ചെയ്തു അതില്‍ ഉറക്കഗുളിക ചേര്‍ത്ത് ഭാര്യക്ക് നല്കി. ഭാര്യ ഉറങ്ങി എന്നറിഞ്ഞ ഉടനെ ആട്ടുകല്ലുകൊണ്ട് തലക്ക് ഇടിച്ചു കൊലപ്പെടുത്തി. കൊലപാതകം കണ്ടു മകള്‍ പരിഭ്രാന്തയായി എങ്കിലും മകളെ പ്രലോഭിപ്പിച്ച് സുനിതയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞുവെച്ചു. തൊട്ടടുത്ത ദിവസം മകളെ ഫോണില്‍ കിട്ടാതെ ഇരുന്ന ഭാര്യാമാതാവ് വിളിച്ചപ്പോൾ മകളെ നേരില്‍ കാണാന്‍ വീട്ടില്‍ വരാൻ പറഞ്ഞു.
ഒക്ടോബര്‍ 18നു മകളെ കാണാനെത്തിയ രൂപവതിക്ക് മുന്നില്‍ ഉറക്കഗുളിക കലര്‍ത്തിയ ആട്ടിറച്ചി നല്കി. ടി.വിയുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ വെക്കുകയും ഭക്ഷണം കഴിക്കുന്നതിനിടയില്‍ ആട്ടുകല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ഒക്ടോബര്‍ 19ന് രണ്ടു മൃതദേഹങ്ങളും തുണിയില്‍ പൊതിഞ്ഞു തമിഴ് നാട്ടിലെ സേലത്തിലെ ധര്‍മപുരിയില്‍ ഉപേക്ഷിച്ചു. അമ്മയെയും സഹോദരിയെയും ഫോണില്‍ കിട്ടാത്തതിനാല്‍ ശേഖറിനെ വിളിച്ച സുനിതയുടെ സഹോദരന് ശിവകുമാറിനോട് രണ്ടു പേരും യാത്ര പോയതാണ് എന്നു പറഞ്ഞു വിശ്വസിപ്പിച്ചു. കൂടാതെ വീട്ടിലേക്ക് വിരുന്നിനായി ക്ഷണിക്കുകയും ചെയ്തു.
ഒക്ടോബര്‍ 23ന് ശിവകുമാര്‍, ഭാര്യ ദിവ്യ, മകന് പുനീത് എന്നിവര്‍ വിരുന്നിനായി വീട്ടില്‍ എത്തി. ഉറക്കഗുളിക കലര്‍ത്തിയ ഭക്ഷണം നല്കി ആദ്യം ശിവകുമാറിനെയും പിന്നീട് ഒക്ടോബര്‍ 24ന് ദിവ്യ, മകന് പുനീത് എന്നിവരെയും കൊലപ്പെടുത്തി. ശിവകുമാര്‍, ഭാര്യ ദിവ്യ എന്നിരുടെ മൃതദേഹങ്ങള്‍ മൈസൂരു ചാമുണ്ഡെശ്വരി കുന്നില്‍ ഉപേക്ഷിച്ചു. ബംഗളൂരുവില്‍ തിരിച്ചെത്തി പുനീതിന്റെ മൃതദേഹം നന്ദി ഹില്‍സില്‍ ഉപേക്ഷിച്ചു. ഒക്ടോബര്‍ 31ന് ശങ്കര്‍, ഭാര്യ നളിനി എന്നിവരെയും സമാനമായ രീതിയില്‍ വിരുന്നിന് ക്ഷണിച്ചു കൊലപ്പെടുത്തി. ശങ്കര്‍, ഭാര്യ നളിനി എന്നിവരുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ വെച്ചു.
മാതാപിതാക്കളെ കാണാതെ പരിഭ്രാന്താന്തനായ അവരുടെ 14 വയസായ മകനോട് അവര്‍ യാത്ര പോയെന്നും നമുക്കും യാത്ര പോകാം എന്നു പറഞ്ഞു ഷിരാഡി മലയില്‍ എത്തുകയും മൃതദേഹം അവിടെ ഉപേക്ഷികുകയും ചെയ്തു. ചാക്കില്‍ കെട്ടിയ മൃതദേഹം എന്താണ് എന്നു ചോദിച്ചപ്പോള്‍ മാലിന്യം ആണ് എന്നു ഇന്ദുശേഖര്‍ പറഞ്ഞു. ശേഷം ധര്‍മസ്ഥല സന്ദര്‍ശിച്ചു. 14 വയസുകാരനെ കൊല്ലാന്‍ ശേഖര്‍ പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് സുനിതയുടെ സഹോദരന്റെ ഭാര്യ നളിനിയുടെ മാതാവ് മകളെ കാണാനില്ല എന്ന് പോലീസില്‍ പരാതി നല്‍കുന്നതും കൊലപാതകം പുറംലോകം അറിയുന്നതും.
കൊലപാതകത്തിന് ശേഷം വീട് വൃത്തിയാക്കാനും രക്തക്കറ നീക്കം ചെയ്യാനും പ്രതി രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നു. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വരാതിരിക്കാന്‍ മൃതദേഹം മുഴുവന്‍ പ്ലാസ്റ്റിക് ടാപ്പ് കൊണ്ട് കവര്‍ ചെയ്തിരുന്നു. ഓരോ കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നവഴിയില്‍ പൊലീസിന്റെ ശ്രദ്ധ തിരിക്കാന്‍ കാര്‍ മുഴുവന്‍ പോസ്റ്ററുകള്‍ കൊണ്ട് മറച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിയുടെ മകളും പങ്കാളിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

