മുഖംമൂടി ധരിച്ചെത്തിയ വിമുക്തഭടന് കുട്ടികളെയും വീട്ടമ്മെയയും ആക്രമിച്ചു
text_fieldsവീട്ടുകാരെ ബന്ദികളാക്കിയ
സുരേഷ് കുമാറിന്റെ വീട്
കാട്ടാക്കട: മുഖംമൂടി ധരിച്ചെത്തിയ വിമുക്തഭടന് അയല്‍വാസിയുടെ വീട്ടില്‍ കയറി കുട്ടികളെയും വീട്ടമ്മയെയും ആക്രമിച്ചശേഷം മുറികളില്‍ ഇന്ധനം ഒഴിച്ചശേഷം തീയിട്ടു. കാട്ടാക്കട അമ്പലത്തിന്‍കാലയില്‍ ശനിയാഴ്ചയാണ് സംഭവം.
ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിമുക്തഭടൻ സ്വയം തല ചുമരിലടിച്ച് പൊട്ടിച്ചശേഷം ബോധരഹിതനായതോടെ നീണ്ട ഉദ്വേഗത്തിന് വിരാമമായി. തുടര്‍ന്ന് അതിക്രമം കാട്ടിയ അജയകുമാറിനെ പൊലീസ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11ഓടെയാണ് അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ അയല്‍വാസിയായ സുരേഷ് കുമാറിന്റെ വീട്ടില്‍ മുഖംമൂടി ധരിച്ച് ആയുധവുമായി അതിക്രമിച്ചുകടന്നത്.
തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അഞ്ചുവയസ്സുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. സ്ത്രീകളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മർദിച്ചു. തുടര്‍ന്ന് വീട്ടിലെ തുണികള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും ഗൃഹോപകരണങ്ങളും വലിച്ചുവാരിയിട്ടശേഷം കൈയിൽ കരുതിയിരുന്ന ഇന്ധനമൊഴിച്ച് തീകൊളുത്തി.
തീ ആളിപ്പടര്‍ന്നതോടെ വീട്ടുകാർ ഭയന്നുനിലവിളിച്ചു. അതിക്രമം നടക്കുമ്പോള്‍ സുരേഷ്കുമാർ വീട്ടിലില്ലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരെത്തി പൊലീസിനെയും സുരേഷ് കുമാറിനെയും വിവരം അറിയിച്ചു. ഇതിനിടെ കാട്ടാക്കടനിന്ന് അഗ്നിശമനസേനവിഭാഗം ഉദ്യോഗസ്ഥ സ്ഥലത്തെത്തുകയും തീ കെടുത്തുകയും അജയകുമാറിനെ കീഴ്പ്പെടുത്താനും ശ്രമിച്ചു.
ഫോറന്‍സിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അയല്‍വാസികളും ബന്ധുക്കളുമായ സുരേഷ് കുമാറും അജയകുമാറും വസ്തു സംബന്ധമായി തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

