മരുത റോഡ് കവർച്ച; സ്വർണവും വെള്ളിയും കാറും കണ്ടെടുത്തു
text_fieldsരാഹുൽ
പാലക്കാട്: ചന്ദ്രനഗർ മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നടന്ന കവർച്ചാ മുതലുകൾ വിൽക്കാൻ സഹായിച്ച ജ്വല്ലറി ഉടമ രാഹുലിനെ പൊലീസ് മഹാരാഷ്ട്രയിലെ സത്താറ, നാസിക് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തു.
കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ ഡോക്ടർ നീലേഷ് സാബ്ലയുടെ ആഡംബര കാറുകളും െപാലീസ് കസ്റ്റഡിയിലെടുത്തു. മോഷണ മുതൽ വിറ്റുകിട്ടിയ പണമുപയോഗിച്ച് ഡോക്ടർ നീലേഷ് വാങ്ങിയ പുതിയ ഇന്നോവ ക്രിസ്റ്റ കേസിലേക്ക് അറ്റാച്ച് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. സ്വർണം വിൽപ്പന നടത്തിക്കൊടുത്തതിന് കമീഷനായി രാഹുലിനു കിട്ടിയ പണമുപയോഗിച്ച് വാങ്ങിയ മൂന്നര കിലോ വെള്ളി ആഭരണം, 350 ഗ്രാം സ്വർണം എന്നിവയും, പ്യൂരിറ്റി ചെക്കിങ് മെഷീൻ, സ്വർണ നിർമാണ സാമഗ്രികൾ എന്നിവയും കണ്ടെടുത്തു.പ്രതികളായ ഡോക്ടർ നീലേഷ് സാബ്ലെ, സുജിത്ത് ജഗദാബ് എന്നിവർ ഒളിവിലാണ്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ രാഹുലിനെ തിരിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ഡി.വൈ.എസ്.പി ഹരിദാസ്, കസബ ഇൻസ്പെക്ടർ രാജീവ്, സബ് ഇൻസ്പെക്ടർ അനീഷ്, കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ ഷാഹുൽ, എ.എസ്.െഎ സുരേഷ് ബാബു, എസ്.സി.പി.ഒ രാധാകൃഷ്ണൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ കെ. ദിലീപ്, ആർ. രാജീദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.