മറിയാമ്മ കൊലക്കേസ്: പ്രതി അച്ചാമ്മ ഇനി അട്ടക്കുളങ്ങര വനിത ജയിലിൽ
text_fieldsമാവേലിക്കര: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയി 27 വർഷത്തിനുശേഷം പിടിയിലായ തഴക്കര അറുന്നൂറ്റിമംഗലം പുത്തൻവേലിൽ ബിജു ഭവനത്തിൽ അച്ചാമ്മ (റെജി -51) ഇനി അട്ടക്കുളങ്ങര വനിത ജയിലിൽ. മാവേലിക്കര അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി രണ്ടാണ് അട്ടക്കുളങ്ങര വനിത ജയിലിലേക്ക് അയച്ചത്.തിങ്കളാഴ്ച രാവിലെ ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹൈകോടതി വിധി നടപ്പാക്കാൻ ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
തുടർന്ന് കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോയി. റെജിയെ കോടതിയിൽ കൊണ്ടുവന്നത് കാണാൻ മറിയാമ്മയുടെ മകൾ സൂസമ്മ കോടതിയിൽ എത്തിയിരുന്നു. എറണാകുളം പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിള വീട്ടിൽ മിനി രാജു എന്ന വ്യാജപേരിൽ താമസിച്ചുവരവെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്.
1990 ഫെബ്രുവരി 21ന് ആയിരുന്നു മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കതിൽ മറിയാമ്മയെ (61) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷനൽ ജില്ല സെഷൻസ് കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. ഇതിൻമേൽ പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്റ്റംബർ 11ന് ഹൈകോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ, വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു.
18ാം വയസ്സിൽ ചെയ്ത അറുകൊല; അജ്ഞാത കത്തും കാരണമായി
മാവേലിക്കര: 1990 ഫെബ്രുവരി 21ന് മറിയാമ്മയെ കൊലപ്പെടുത്തുമ്പോൾ റെജി എന്ന അച്ചാമ്മക്ക് 18 വയസ്സ് മാത്രമായിരുന്നു പ്രായം. സ്വർണാപഹരണത്തിനൊപ്പം റെജിയെക്കുറിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന അജ്ഞാത കത്തും കൊലക്ക് കാരണമായതായാണ് പറയുന്നത്. മറിയാമ്മയെ കറിക്കത്തികൊണ്ട് ഒമ്പത് പ്രാവശ്യമാണ് കുത്തിയത്. മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തുമാറ്റിയാണ് കമ്മൽ ഊരിയെടുത്തത്. കഴുത്തിലേറ്റ മാരക മുറിവാണ് മരണത്തിന് കാരണമായത്.
സംഭവം നടക്കുന്നതിന് കുറച്ച് ദിവസം മുമ്പ് മറിയാമ്മക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. റെജിയെ കുറിച്ചുള്ള പരാമർശങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തിലെ കാര്യങ്ങൾ വെച്ചുകൊണ്ട് മറിയാമ്മ റെജിയെ ചോദ്യം ചെയ്തിരുന്നു. കത്തിലെ ഉള്ളടക്കം എന്തായിരുന്നുവെന്ന് മക്കളോട് പോലും മറിയാമ്മ പറഞ്ഞിരുന്നില്ല. അക്കാര്യം ഇപ്പോഴും അജ്ഞാതമാണെന്ന് മറിയാമ്മയുടെ മക്കൾ പറയുന്നു. റെജി മറിയാമ്മയുടെ അകന്ന ബന്ധുവായിരുന്നു.
റെജിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘം ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കൊപ്പം
പച്ചക്കറി കച്ചവടമായിരുന്നു മറിയാമ്മക്കും ഭർത്താവ് പാപ്പച്ചനും. മക്കളെയെല്ലാം പഠിപ്പിച്ചത് കച്ചവടത്തിൽനിന്നുള്ള വരുമാനം കൊണ്ടായിരുന്നു. മക്കൾ വളർന്ന് വലിയ നിലയിലായെങ്കിലും പാപ്പച്ചൻ കച്ചവടം നിർത്തിയിരുന്നില്ല. വീട്ടുകാര്യങ്ങളിൽ മറിയാമ്മക്ക് സഹായിയായി ആദ്യം ഉണ്ടായിരുന്നത് റെജിയുടെ ചേച്ചിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞതോടെയാണ് റെജി സഹായത്തിനായി എത്തിയത്. ചേച്ചിയുടെ വിവാഹത്തിന് വലിയ സഹായം പാപ്പച്ചൻ ചെയ്തിരുന്നു.
റെജിയെ വീട്ടിൽ നിർത്തിയെങ്കിലും മക്കളുടെ നിർബന്ധപ്രകാരം പിന്നീട് ഒഴിവാക്കി. എന്നാലും മിക്കപ്പോഴും വീട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് കത്തിെൻറ വരവും ചോദ്യം ചെയ്യലും നടന്നത്.
ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിെൻറ നേതൃത്വത്തിൽ മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, ബിജു മുഹമ്മദ് എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

