മരട് പൊലീസ് സ്റ്റേഷനിൽ എം.ഡി.എം.എ കേസ് പ്രതി പൊലീസുകാരെ ആക്രമിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
text_fieldsകൊച്ചി: എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ എം.ഡി.എം.എ കേസിലെ പ്രതി പൊലീസുകാരെ ആക്രമിച്ചു. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. എസ്.ഐ ജാക്സൺ, എ.എസ്.ഐ സുമേഷ്, സി.പി.ഒ ഫസൽ എന്നിവർക്കാണ് പരിക്കേറ്റത്. ആലപ്പുഴ സ്വദേശി രഞ്ജിത്താണ് പൊലീസുകാരെ ആക്രമിച്ചത്.
മരടിലെ ഒരു ഫ്ലാറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പ്രതി ബഹളമുണ്ടാക്കിയെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. സ്വയം ദേഹോപദ്രവമേൽപ്പിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു എസ്.ഐക്ക് നേരെ ആക്രമണം. പിന്നീട് സി.പി.ഒ ഫസലിന്റെയും എ.എസ്.ഐയുടെയും കൈ പ്രതി തിരിച്ച് ഒടിച്ചു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

