കൊലപാതകത്തിെൻറ നടുക്കത്തിൽ മണ്ണുംകുളം ഗ്രാമം
text_fieldsകൊലപാതകം നടന്ന വീടിന് മുന്നിൽ പൊലീസ്
പരിശോധന നടത്തുന്നു
കൊളത്തൂർ: വീടിനുള്ളിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നതിെൻറ നടുക്കത്തിലാണ് പുഴക്കാട്ടിരി പഞ്ചായത്തിലെ മണ്ണുംകുളം ഗ്രാമം. മൊയ്തീൻ ഭാര്യയുമായി തർക്കവും വഴക്കും പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൂന്നു കുട്ടികളുടെ മാതാവായ മക്കരപ്പറമ്പ് വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശിയായ സുലൈഖയും മൊയ്തീനും നേരത്തേതന്നെ ബന്ധുക്കളാണ്.
തർക്കം മൂത്ത് മൊയ്തീൻ രണ്ട് മാസം മുമ്പ് സുലൈഖയെ മൊഴിചൊല്ലിയിരുന്നു. എന്നാൽ, നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ സുലൈഖ വഴങ്ങിയില്ല. പിതാവിെൻറ കൈകളാൽ മാതാവ് പിടഞ്ഞുവീണത് കണ്ടതിെൻറ ആഘാതത്തിലാണ് പരിക്കേറ്റ് ചികിത്സയിലുള്ള മകൻ മുഹമ്മദ് ഹനീഫ.
കൊളത്തൂർ (മലപ്പുറം): പുഴക്കാട്ടിരിയിൽ മധ്യവയസ്കയെ വെട്ടിക്കൊന്നു. തടയാൻ ശ്രമിച്ച മകന് പരിക്കേറ്റു. കുറ്റിക്കാട്ടിൽ മൊയ്തീെൻറ ഭാര്യ സുലൈഖയാണ് (54) മരിച്ചത്. സംഭവത്തിൽ ഭർത്താവ് മൊയ്തീനെ (62) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് പുഴക്കാട്ടിരി മണ്ണുംകുളം ഗ്രാമത്തെ നടുക്കിയ സംഭവം നടന്നത്. പരിക്കേറ്റ മകൻ മുഹമ്മദ് ഹനീഫ (36) മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വത്ത് സംബന്ധിച്ച വാക്തർക്കം കൊലപാതകത്തിൽ കലാശിച്ചതായാണ് കരുതുന്നത്. വീട്ടിനകത്തുനിന്ന് തലക്ക് പിറകിൽ വെട്ടേറ്റ സുലൈഖ മരണവെപ്രാളത്തിൽ പുറത്തേക്ക് ഓടിയെങ്കിലും ഭർത്താവ് മൊയ്തീൻ പിന്തുടർന്ന് വീണ്ടും വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം വീടിനു മുന്നിൽ സുഹൃത്തുക്കളോടൊപ്പം നിന്ന മകൻ ഹനീഫ ഓടിയെത്തി മാതാവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ചെങ്കിലും മൊയ്തീൻ പിന്തിരിഞ്ഞില്ല. ഇതിനിടെയാണ് മകൻ ഹനീഫക്ക് വെട്ടേറ്റത്. സുലൈഖയുടെ ദേഹത്ത് പല തവണ വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുലൈഖയെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വീടിന് മുന്നിൽതന്നെയുള്ള കെട്ടിടത്തിൽ കച്ചവടം നടത്തുകയാണ് മൊയ്തീൻ. കൃത്യം നടത്തിയതിനു ശേഷം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ മൊയ്തീനെ കൊളത്തൂർ പൊലീസിന് കൈമാറി. വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശിയാണ് മരിച്ച സുലൈഖ. മക്കൾ: മുഹമ്മദ് ഹനീഫ, ജസീന, സഫീന. മരുമക്കൾ: ഗഫൂർ (മണ്ണുംകുളം), സലാം (കടുങ്ങപുരം), ജുവൈരിയ്യ (വഴിപ്പാറ).