ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം. മേയ് 19ന് മുഴുവൻ ഫയലുകളും ഹാജരാക്കണമെന്ന് ജയിൽ ഉപദേശക സമിതിക്ക് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
മണിച്ചന്റെ മോചന വിഷയത്തില്‍ നാല് മാസത്തിനകം തീരുമാനം എടുക്കണമെന്ന് കോടതി ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിരുന്നു. മോചന ആവശ്യത്തിൽ നാലു മാസമായിട്ടും തീരുമാനമെടുക്കാത്തതിനെ വിമർശിച്ച കോടതി, ഉടൻ തീരുമാനമായില്ലെങ്കിൽ മണിച്ചന് ജാമ്യം നൽകുമെന്നും മുന്നറിയിപ്പ് നൽകി.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന മുദ്രവെച്ച കവർ സ്വീകരിക്കാൻ കോടതി ഇന്നും തയാറായില്ല. മണിച്ചന്‍റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മണിച്ചൻ 20 വർഷത്തിലധികം ജയിലിൽ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യയുടെ ഹരജി.
കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയായിരുന്ന മണിച്ചന്‍റെ സഹോദരങ്ങളായ വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ കഴിഞ്ഞവർഷം നവംബറിൽ ശിക്ഷ ഇളവ് നൽകി ജയിലിൽനിന്ന് വിട്ടയച്ചിരുന്നു. 2000 ഒക്ടോബർ 21നുണ്ടായ മദ്യദുരന്തത്തിൽ കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ 31 പേരാണ് മരിച്ചത്. അഞ്ഞൂറിലധികം പേർ ആശുപത്രികളിലായിരുന്നു.