ലഹരിമുക്തി കേന്ദ്രത്തിൽ സഹവാസിയെ തലക്കടിച്ചു കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: തിരുവനന്തപുരം വെള്ളനാട് കരുണസായി ലഹരിമുക്തി കേന്ദ്രത്തിൽ സഹവാസിയെ പൂച്ചട്ടി കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. സംഭവത്തിനു ശേഷം സ്കൂട്ടർ മോഷ്ടിച്ച് സ്ഥലംവിട്ട കൊല്ലം പരവൂർ പൂതക്കുളം പുത്തൻ വീട്ടിൽ എസ്. ബിജോയി (25) യെയാണ് ആര്യനാട് പൊലീസ് ചിറയിൻകീഴിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലഹരിമുക്തി കേന്ദ്രത്തിൽ ബിജോയിക്ക് കൂട്ടിരുന്ന ആളെയും പിടികൂടി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കഴക്കൂട്ടം ഉള്ളൂർക്കോണം വടക്കുംകര പുത്തൻ വീട്ടിൽ എം. വിജയൻ (50) ആണ് കേന്ദ്രത്തിൽ വച്ചു തലയ്ക്കടിയേറ്റ് മരിച്ചത്. മദ്യപാനം നിർത്താനായി ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സംഭവ ദിവസം വൈകീട്ട് അക്രമാസക്തനായ ബിജോയി പൂച്ചട്ടി എടുത്ത് വരാന്തയിൽ ഇരിക്കുകയായിരുന്ന വിജയന്‍റെ തലയിൽ അടിക്കുകയായിരുന്നു. കൈയിൽ കിട്ടിയ കമ്പികൊണ്ടും അടിച്ചു.
കേന്ദ്രത്തിലെ ജനൽ ചില്ലുകളും തകർത്ത ബിജോയി അക്രമാസക്തനായതിനാൽ ആദ്യം ആർക്കും അടുക്കാനായില്ല. കമ്പിയുമായി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ഇയാൾ ഗ്രില്ലിന്റെ പൂട്ട് തകർത്ത് സമീപത്തേക്കു ചാഞ്ഞു നിന്ന റബർ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി തോട്ടത്തിലൂടെ സമീപത്തെ റോഡിൽ എത്തി. അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുത്തു സ്ഥലംവിടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളക്കോട് മേരി ഭവനിൽ പി. ശ്രീകുമാരിയും ഭർത്താവ് ഇ. ജോൺ പ്രസാദും സഞ്ചരിച്ച സ്കൂട്ടറുമായാണ് ബിജോയ് രക്ഷപ്പെട്ടത്. താക്കോൽ സ്കൂട്ടറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മോഷ്ടിച്ച സ്കൂട്ടറിൽ അഴീക്കോട് പമ്പിൽ നിന്ന് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ ബിജോയ് മുങ്ങുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
നഴ്സിങ് വിദ്യാർഥിനിയായ സഹോദരിയെ കാണാൻ ബിജോയി ചിറയിൻകീഴിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാൾ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

