വാഹനത്തിലെത്തി റോഡിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നയാൾ ഒടുവിൽ പിടിയിൽ
text_fieldsശാസ്താംകോട്ട: റോഡിലൂടെ തനിച്ച് പോകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്കൂട്ടറിൽ കറങ്ങി നടന്ന് ഉപദ്രവിക്കുന്നത് മാസങ്ങളായി തുടർന്നുവന്ന യുവാവ് ഒടുവിൽ അറസ്റ്റിൽ. പുത്തൂർ ആലയ്ക്കൽ ജങ്ഷൻ കുഴിയിൽ പുത്തൻ വീട്ടിൽ ലിജോ(33) ആണ് പിടിയിലായത്.
പുത്തൂരിൽനിന്ന് കൊല്ലം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ശൂരനാട്, കിഴക്കേകല്ലട, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിൽ വെച്ച് പെൺകുട്ടികൾക്ക് നേരെ ഇയാൾ അതിക്രമം നടത്തിയതായി പരാതിയുണ്ട്. പെൺകുട്ടികൾ ഒറ്റക്ക് നടന്നു പോകുമ്പോൾ സ്കൂട്ടറിൽ എത്തി പിന്നിൽ കൂടി ശരീരത്തിൽ പിടിക്കുകയും വണ്ടി ഓടിച്ചു വേഗത്തിൽ പോവുകയുമാണ് പതിവ്. ഹെൽമറ്റ് ധരിച്ച് മാസ്കും വെച്ചാണ് ഇയാൾ എത്തുന്നത്. കഴിഞ്ഞ നാല് മാസമായി റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഇയാൾ ഇതുപോലെ പെൺകുട്ടികളെ ശല്യം ചെയ്യുന്നത് തുടർന്നു വരുകയായിരുന്നു. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും പിന്തുടർന്നും പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
വ്യാഴാഴ്ച രാവിലെ പുത്തൂരിൽ വെച്ച് ഡാൻസാഫ് സംഘം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശൂരനാട്ട് ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ മാസ്ക് ധരിച്ചിരുന്നില്ല. ഇവിടെ ഉപദ്രവത്തിനിരയായ പെൺകുട്ടി പ്രതിയെ പിടികൂടാനും അടിക്കാനും ശ്രമിച്ചതിലൂടെ ഇയാളെ വ്യക്തമായി മനസ്സിലാക്കിയിരുന്നു. മുറുക്കുന്ന ശീലക്കാരനാണ് പ്രതി എന്നും വ്യക്തമായിരുന്നു. പ്രതി മാസ്ട്രോ എഡ്ജ് സ്കൂട്ടറിൽ ആണ് സഞ്ചരിച്ചിരുന്നത്.
ശൂരനാട് പൊലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങൾ താരതമ്യം ചെയ്ത് പുത്തൂരിൽ ഡാൻസാഫ് പിടികൂടിയ ലിജോ ആണ് തങ്ങൾ അന്വേഷിക്കുന്ന പ്രതിയെന്ന് ഉറപ്പാക്കുകയായിരുന്നു. 12 ഓളം പെൺകുട്ടികളെ ഉപദ്രവിച്ചതായി പ്രതി വെളിപ്പെടുത്തി. ശൂരനാട് -രണ്ട്, കിഴക്കേകല്ലട -ഒന്ന് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

