പ്രവാസി വ്യവസായിയുടെ ഒന്നരക്കോടിയുടെ വജ്രാഭരണവുമായി മുങ്ങിയയാൾ അറസ്റ്റിൽ
text_fieldsഖമറുദ്ദീൻ
തൃശൂർ: വിൽപന നടത്താമെന്ന ഉറപ്പിൽ പ്രവാസി വ്യവസായിയിൽനിന്ന് ഒന്നരക്കോടി വില വരുന്ന വജ്രാഭരണം കൈക്കലാക്കി മുങ്ങിയയാൾ അറസ്റ്റിൽ. എരുമപ്പെട്ടി തനപറമ്പിൽ ഖമറുദ്ദീനെയാണ് (50) ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊന്നാനിയിൽനിന്ന് പിടികൂടിയത്. ഗൾഫിൽ നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള വ്യവസായി ദുബൈയിൽനിന്ന് വാങ്ങിയ 1.87 ലക്ഷം ഡോളർ വിലയുള്ള ആഭരണമാണ് ഖമറുദ്ദീൻ കൈക്കലാക്കി മുങ്ങിയത്.
കോവിഡ് കാലത്തെ സാമ്പത്തിക പ്രയാസം മറികടക്കാനാണ് പ്രവാസി വ്യവസായി ആഭരണം വിൽക്കാൻ തീരുമാനിച്ചത്. ദുബൈയിലും ഖത്തറിലും ബിസിനസ് ഉണ്ടെന്നും എരുമപ്പെട്ടിയിലെ സൂപ്പർ മാർക്കറ്റിൽ പാർട്ണർ ആണെന്നും ഖമറുദ്ദീൻ വിശ്വസിപ്പിച്ചു. സൂപ്പർമാർക്കറ്റ് നടത്തുന്ന ഉടമയെയും പരിചയപ്പെടുത്തിയിരുന്നു.
ഇയാൾ എം.പിയുടെ സഹോദരൻ ആണെന്ന് അവകാശപ്പെട്ടാണ് വ്യവസായിയെ പരിചയപ്പെട്ടത്. വജ്രാഭരണത്തിന്റെ പ്യൂരിറ്റി സർട്ടിഫിക്കറ്റ് അടക്കമാണ് വ്യവസായിയുടെ വടക്കാഞ്ചേരിയിലെ വീട്ടിൽവെച്ച് കൈമാറിയത്. 15 ദിവസത്തിനുള്ളിൽ പണം ബാങ്ക് അക്കൗണ്ടിലെത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതിരുന്നതോടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബിസിനസിലെ ചെറിയ ബുദ്ധിമുട്ട് കാരണമാണ് പണം വൈകിയതെന്നും ഉടൻ നൽകുമെന്നും അറിയിച്ചു.
ഏറെ കഴിഞ്ഞും പണം ലഭിക്കാതായപ്പോൾ ആഭരണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടതോടെ ഷാർജയിലെ മണി എക്സ്ചേഞ്ച് സ്ഥാപനം വഴി 40 ലക്ഷം അക്കൗണ്ടിലേക്ക് അയച്ചതിന്റെ രസീത് വാട്സ്ആപ്പിൽ നൽകി.
മൂന്ന് മാസമായിട്ടും പണം ലഭിക്കാതായപ്പോൾ അന്വേഷിച്ചതിൽ വ്യാജരസീത് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ വ്യവസായി ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിച്ചതാണെന്ന് അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

