പരസ്യം കണ്ട് വാങ്ങാനെത്തിയ ബൈക്കുമായി കടന്ന യുവാവ് അറസ്റ്റിൽ
text_fieldsവിഷ്ണു
വിൽസൻ
ചേർപ്പ്: വെബ്സൈറ്റിൽ വിൽപനക്ക് വെച്ച ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കളന്നുകളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കുമ്പഴ എസ്റ്റേറ്റിൽ വിഷ്ണു വിൽസനെയാണ് (24) തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവർ അറസ്റ്റ് ചെയ്തത്.
വില പറഞ്ഞുറപ്പിച്ച് കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ഓടിച്ചു നോക്കാൻ വാങ്ങി ബൈക്കുമായി കടന്നുകളഞ്ഞ ഇയാൾ വിവിധ സ്റ്റേഷനുകളിൽ കേസുകളിൽ പ്രതിയാണ്. രണ്ടു മാസം മുമ്പാണ് ചേർപ്പ് സ്വദേശിയായ യുവാവ് വാഹന പരസ്യ വെബ്സൈറ്റായ ഒ.എൽ.എക്സിൽ തന്റെ ആഡംബര ബൈക്ക് വിൽക്കാൻ പരസ്യം നൽകിയത്. ഇതോടൊപ്പം നൽകിയ ഫോൺ നമ്പറിൽ വിളിച്ചന്വേഷിച്ചാണ് പ്രതി തൃശൂരിലെ സുഹൃത്തിനൊപ്പം വാഹനം വാങ്ങാൻ അമ്മാടത്ത് എത്തിയത്. പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളെക്കുറിച്ച് സുഹൃത്തിന് അറിവുണ്ടായിരുന്നില്ല.
ബൈക്ക് വാങ്ങാനുള്ള പണം തന്റെ കൈവശം ഉണ്ടെന്നും പ്രതി സുഹൃത്തിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പരാതിക്കാരൻ ജോലി സ്ഥലത്തായതിനാൽ ഇയാളുടെ സുഹൃത്താണ് ബൈക്കുമായി അമ്മാടത്ത് എത്തിയത്. തുടർന്ന് ബൈക്ക് കണ്ട് ഇഷ്ടപ്പെട്ട പ്രതി സുഹൃത്തിനെ ബൈക്ക് കൊണ്ടുവന്നയാളോടൊപ്പം നിർത്തി ഓടിച്ചുനോക്കാനെന്ന രീതിയിൽ ബൈക്കെടുത്ത് പോകുകയുമായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് ബൈക്ക് കൊണ്ടുവന്നയാൾക്കും പ്രതിയുടെ സുഹൃത്തിനും ചതിക്കപ്പെട്ടതായി അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളിൽ താമസിക്കുകയാണ് പ്രതിയുടെ രീതി. ബൈക്ക് തട്ടിയെടുത്ത ശേഷവും ഇയാൾ തന്റെ ഫോൺ നമ്പർ ഉപേക്ഷിക്കുകയും മൂവാറ്റുപുഴ ഭാഗത്ത് കഴിഞ്ഞുവരികയായിരുന്നു. അവിടെ വെൽഡിങ് ജോലിക്ക് പോയിരുന്നതായും പറയുന്നുണ്ട്. ഇയാളിൽനിന്ന് ബൈക്കും കണ്ടെടുത്തതായാണ് വിവരം.
പ്രതിയെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച പുലർച്ച മൂവാറ്റുപുഴ പൊലീസിന്റെ സഹായത്തോടെ ഇയാൾ താമസിച്ചിരുന്ന പഴയ ഇരുനില വാടക കെട്ടിടം പുലർച്ച മൂന്നു മണിയോടെ വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു.
പത്തനംതിട്ടയിൽ വാഹന മോഷണ കേസിലും മലയാലപ്പുഴയിൽ അടിപിടി കേസിലും പ്രതിയായ വിഷ്ണു വിൽസൻ തൃക്കാക്കരയിൽ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയുടെ സ്വർണം കവർന്ന കേസിലും പ്രതിയാണ്.
ചേർപ്പ് എസ്.ഐ ജെ. ജെയ്സൺ, എ.എസ്.ഐമാരായ മുഹമ്മദ് അഷറഫ്, കെ.എസ്. ഗിരീഷ്, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ കെ.എസ്. ഉമേഷ്, കെ.എസ്. സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

