ഉറങ്ങിക്കിടന്ന ദലിത് തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ലഖ്നോ: ഉറങ്ങിക്കിടന്ന ദലിത് തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. ചന്ദോയ ഖേഡ ഗ്രാമത്തിലെ കല്ല് പൊടിക്കുന്ന യൂനിറ്റിൽ ജോലി ചെയ്യന്ന രാജ്കുമാർ റാവത്ത് ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങുന്നതിനിടെയാണ് സംഭവം. യൂനിറ്റ് ഉടമ സഞ്ജയ് മൗര്യയാണ് രാജ്കുമാറിന്‍റെ മുഖത്ത് മൂത്രമൊഴിച്ചത്.
രാജ്കുമാർ റാവത്ത് കുടുംബത്തോടൊപ്പം യൂനിറ്റിന് സമീപമാണ് താമസിക്കുന്നത്. സഞ്ജയ് മൗര്യ തന്‍റെ പ്രവൃത്തി ചിത്രീകരിക്കുകയും പിന്നീട് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
സംഭവത്തെ തുടർന്ന് സഞ്ജയ് മൗര്യ തന്‍റെ ഭർത്താവിനെ മർദ്ദിച്ചതായി റാവത്തിന്‍റെ ഭാര്യ രാംരതി പറഞ്ഞു. രാംരതിയുടെ പരാതിയെ തുടർന്നാണ് സഞ്ജയ് മൗര്യയെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മൗര്യയുടെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയതായും രാജ്കുമാറിന്‍റെ ഭാര്യ പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ മധ്യപ്രദേശിലും സമാനമായ സംഭവം ഉണ്ടായിരുന്നു. പ്രവേഷ് ശുക്ല എന്നയാൾ ഒരു ദലിത് യുവാവിന്‍റെ മേൽ മൂത്രമൊഴിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.

