
ബലാത്സംഗത്തിന് ശേഷം കേസും ജയിലും വിവാഹവും; ഒടുവിൽ 29കാരിയുടെ കൊലപാതകം -24കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് നൈനിറ്റാളിലെ മലഞ്ചെരുവിൽനിന്ന് ഭാര്യയെ തള്ളിയിട്ട് കൊന്ന കേസിൽ 24കാരൻ അറസ്റ്റിൽ. ഒരു മാസം മുമ്പായിരുന്നു സിനിമ കഥയെ വെല്ലുന്ന കൊലപാതകം.
29കാരിയായ ബബിതയെയാണ് ഭർത്താവ് രാജേഷ് റായ് കൊലപ്പെടുത്തിയത്. 2020 ജൂണിൽ രാജേഷിനെതിരെ ബബിത ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. ഡൽഹി സ്വദേശിയായ രാജേഷ് വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്.
തുടർന്ന് ജൂണിൽ രാജേഷ് അറസ്റ്റിലാകുകയും തിഹാർ ജയിലാകുകയും ചെയ്തിരുന്നു. ഒക്ടോബറിൽ യുവതി പരാതി പിൻവലിച്ചതോടെ രാജേഷ് ജയിൽ മോചിതനായി. വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു പരാതി പിൻവലിച്ചത്. തുടർന്ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു.
വിവാഹത്തിന് ശേഷം ബബിതയെ നിരന്തരം രാജേഷ് ഉപദ്രവിക്കുമായിരുന്നു. ഈ വർഷം ആദ്യം രാജേഷുമായി വഴക്കിട്ട് സ്വന്തം വീട്ടിൽ വന്നു നിന്നിരുന്നതായും ബബിതയുടെ കുടുംബം പറഞ്ഞു. ഒരു ദിവസം രാജേഷ് ബബിതയുടെ വീട്ടിലെത്തുകയും ഉപദ്രവിക്കില്ലെന്ന് വാക്കു നൽകി കൂട്ടിെകാണ്ടുപോകുകയുമായിരുന്നു. ജൂൺ 11ന് രാജേഷ് ബബിതയുമായി നൈനിറ്റാളിലെ മലമുകളിലെത്തുകയും തള്ളിയിടുകയുമായിരുന്നു.
ബബിതയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി. രാജേഷിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തതോടെ ബബിതയെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബബിതയുടെ മൃതദേഹം കണ്ടെത്താൻ ശ്രമം തുടരുകയാണ് പൊലീസ്.