
Photo Credit: Twitter
യുവതിയുടെ മുഖത്തേക്ക് ആസിഡും തിളച്ച എണ്ണയും ഒഴിച്ച് ഭർത്താവ്; ശക്തമായ നടപടിയാവശ്യപ്പെട്ട് ദില്ലി വനിതാ കമീഷൻ
text_fieldsഫരീദാബാദ്: കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭർത്താവ് ഭാര്യയെ ബലമായി ആസിഡ് കുടിപ്പിച്ച ദാരുണമായ സംഭവത്തിന് ശേഷം ഹരിയാനയിലെ ഫരീദാബാദിൽ മറ്റൊരു ആസിഡ് ആക്രമണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഭർത്താവ് ആസിഡും തിളച്ച എണ്ണയും ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് യുവതിയുടെ മുഖത്തിെൻറ 35 ശതമാനവും പൊള്ളലേറ്റ നിലയിലാണ്. ഗുരുതരാവസ്ഥയിലായ യുവതി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ സഫ്ദർജംഗ് ആശുപത്രിയിൽ പോയി യുവതിയുമായി സംസാരിക്കുകയും കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും ഹരിയാന പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പൊള്ളലേറ്റ യുവതിയുടെ മകനെ ആശുപത്രിയിൽ വച്ച് കണ്ടുമുട്ടിയതായും യുവതിയെ ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നതായി അറിയാൻ കഴിഞ്ഞതായും മാലിവാൾ പുറത്തുവിട്ട വിഡിയോ പ്രസ്താവനയിൽ പറഞ്ഞു. മുമ്പ് പലതവണ പിതാവിെൻറ മർദ്ദനം കാരണം അമ്മയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി അവരുടെ മകൻ വെളിപ്പെടുത്തിയിരുന്നെന്നും വനിതാ കമീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
ഭർത്താവും ഭർതൃ സഹോദരിയും ചേർന്നായിരുന്നു ഗ്വാളിയോറിലെ 25കാരിയെ ജൂൺ 28ന് ആസിഡ് കുടിപ്പിച്ചത്. ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരികാവയവങ്ങളെല്ലാം ഉരുകിയ നിലയിലാണ്. യുവതിക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയില്ല. നിരന്തരം രക്തം ഛർദിക്കുകയും ചെയ്തിരുന്നു. ഇൗ യുവതിയെയും ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സന്ദർശിച്ചിരുന്നു. അവരുടെ ഇടപെടലിലൂടെ പ്രതികൾക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കുകയുണ്ടായി.