ഇരട്ടപ്പേര് വിളിച്ചതിലുള്ള തർക്കം; ഗൃഹനാഥൻ കുത്തേറ്റുമരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സാബു
റാന്നി: കുരുമ്പൻമൂഴി വെച്ചൂച്ചിറ കരയിൽ ഗൃഹനാഥൻ കുത്തേറ്റ് മരിച്ച കേസിൽ ഒരാൾ പിടിയിൽ. ഇടത്തിക്കാവ് പുറയാറ്റ് സാബുവിനെയാണ് (58) അറസ്റ്റ് ചെയ്തത്. ഞായറായ്ച രാത്രി എട്ടുമണി കഴിഞ്ഞാണ് കുരുമ്പൻമൂഴി കോസ്വേക്ക് സമീപം കുരുമ്പൻ മൂഴി കന്നാലിൽ ജോളി ജോണിന് (54) കുത്തേറ്റത്.
കൂടെയുണ്ടായിരുന്ന വടക്കേമുറിയിൽ സാജു ജോസഫിനും (52) പരിക്കേറ്റിരുന്നു. ഗുരുതരപരിക്കേറ്റ ജോളി ജോണിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സാജുവിനെ പിന്നീട് പലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരട്ടപ്പേര് വിളിച്ചതുമായുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് സാബു പൊലീസിനു മൊഴി നൽകി. സാബുവിനെ വീട്ടിൽനിന്നാണ് വെച്ചൂച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തത്. സാജു ജോസഫ് അപകടനില തരണം ചെയ്തിട്ടുണ്ട്.