മാതൃസഹോദരിയെ തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് 31 വർഷം തടവ് ശിക്ഷ
text_fieldsസുനിൽ കുമാർ
തൊടുപുഴ/മുട്ടം: വീട്ടിൽ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ സഹോദരീ പുത്രന് 31 വർഷം തടവും 1,50,000 രൂപ പിഴയും ശിക്ഷ. മുട്ടം തോട്ടുങ്കര ഭാഗത്ത് ഊളാനിയിൽ വീട്ടിൽ സരോജിനിയെ(72) സ്വത്തുക്കൾ കൈവശപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കൊലപ്പെടുത്തിയ കേസിൽ വെള്ളത്തൂവൽ സ്വദേശി വരകിൽ വീട്ടിൽ സുനിൽ കുമാറിനെയാണ്(56) ശിക്ഷിച്ചത്.
പിഴ അടയ്ക്കാത്തപക്ഷം മൂന്ന് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. കഴിഞ്ഞ നാല് വർഷമായി പ്രതി ജയിലിൽ കിടക്കുകയാണെകിലും ആ കാലാവധി ശിക്ഷ കാലയളവിൽ നിന്നും കുറയ്ക്കില്ല. തൊടുപുഴ മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജ് എസ്.എസ് സീനയാണ് ശിക്ഷ വിധിച്ചത്. സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ.
അവിവാഹിതയായ സരോജിനിക്ക് രണ്ട് ഏക്കർ സ്ഥലം അടക്കം ആറ് കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. സ്വത്തുക്കൾ തനിക്ക് നൽകാമെന്ന് സരോജനി പറഞ്ഞിരുന്നതായും എന്നാൽ രണ്ട് സഹോദരിമാരുടെയും അവരുടെ ഒമ്പത് മക്കളുടെയും പേരിൽ സ്വത്ത് വീതം വെച്ചു നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊല ചെയ്യുകയായിരുന്നു. ശേഷം മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി. തൊടുപുഴ ഡി.വൈ.എസ്.പി സി.രാജപ്പൻ, മുട്ടം എസ്.എച്ച്.ഒ വി.ശിവകുമാർ, എസ്.ഐ മുഹമ്മദ് ബഷീർ, അനിൽകുമാർ, എ.എസ്.ഐ ജയചന്ദ്രൻ, അബ്ദുൽ കാദർ, സി.പി.ഒ കെ.യു. റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

