അയൽവാസിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ബന്ധു അറസ്റ്റിൽ
text_fieldsപാണ്ടിക്കാട്: അയൽവാസിയും ബന്ധുവുമായ യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വളരാട് സ്വദേശി കാരാപറമ്പിൽ വേലായുധനെയാണ് (50) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വേലായുധൻ വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ജനുവരി 26ന് രാത്രി 9.30ന് ഇയാൾ വീട്ടുമുറ്റത്ത് വെച്ച് ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിക്കാൻ ശ്രമിച്ചു. ഇതു കണ്ട് രക്ഷപ്പെടുത്താൻ ചെന്ന അയൽവാസിയുടെ മേൽ പ്രതി വീട്ടിൽ സൂക്ഷിച്ച പെട്രോൾ ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ പടർന്നയുടൻ പൊള്ളലേറ്റ യുവാവ് ടീ ഷർട്ട് ഊരിമാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. പൊള്ളലേറ്റയാളുടെ ചെറിയച്ഛനായ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പള്ളിയിലെ മോഷണം: പ്രതി പൊലീസ് പിടിയിൽ
മങ്കട: വടക്കാങ്ങര ഉമറുൽ ഫാറൂഖ് ജുമാമസ്ജിദിൽ മോഷണം നടത്തിയ പ്രതിയെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.30നും 8.15നും ഇടയിൽ വടക്കാങ്ങര ഉമറുൽ ഫാറൂഖ് ജുമാമസ്ജിദിൽ ഖതീബിന്റെ മുറി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ബേപ്പൂർ സ്വദേശി കുപ്പയിൽ ഷംസുദ്ദീനെയാണ് (37) മങ്കട എസ്.ഐ സി.കെ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. സി.സി ടി.വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
മങ്കട എസ്.ഐ സി.കെ. നൗഷാദ്, എസ്.ഐമാരായ അനിൽകുമാർ, അബ്ദുൽ സലീം, സമീർ പുല്ലോടൻ, മുഹമ്മദ് സുഹൈൽ, രാജീവ്, നവീൻ, അനീഷ്, പ്രജീഷ്, റീന, ധന്യ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

