അർധരാത്രി കെ.എസ്.ആർ.ടി.സി ബസുകൾക്ക് കല്ലെറിയുന്ന ആൾ അറസ്റ്റിൽ
text_fieldsയാനി
തൃശൂർ: അർധരാത്രി കെ.എസ്.ആർ.ടി.സിയുടെ പുത്തൻ സ്കാനിയ ഉൾപ്പെടെ നാലുബസുകളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തയാൾ അറസ്റ്റിൽ. കുന്നംകുളം കാണിയാമ്പാൽ ചെമ്മണൂർ വീട്ടിൽ യാനിയാണ് (26) പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിനായിരുന്നു ആദ്യത്തെ സംഭവം. തൃശൂർ-കുന്നംകുളം റോഡിലൂടെ പുലർച്ച സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ് ചില്ല് തകർത്തു. 14ന് പുലർച്ച ഈ വഴി പോയിരുന്ന പുതിയ സ്കാനിയ ബസിന്‍റെ ചില്ലും കല്ലെറിഞ്ഞ് തകർത്തു. 18ന് അതുവഴി പോയിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകളാണ് തകർക്കപ്പെട്ടത്.
കല്ലേറ് മനഃപൂർവമുള്ളതാണെന്ന വിലയിരുത്തലിൽ എത്തിയതോടെ കമീഷണർ രൂപവത്കരിച്ച സ്പെഷൽ ആക്ഷൻ ഗ്രൂപ് ടീം ഏറ്റെടുത്തു. അക്രമമുണ്ടായ പരിസരങ്ങളിൽ നിരന്തര നിരീക്ഷണം നടത്തിയും സി.സി ടി.വി കാമറദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്.
പേരാമംഗലം പൊലീസ് സ്റ്റേഷനിൽ നാലുകേസാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോക് കുമാർ, സബ് ഇൻസ്പെക്ടർ കെ.ആർ. റെമിൻ, അസി. സബ് ഇൻസ്പെക്ടർ എ.യു. മനോജ്, സ്പെഷൽ ആക്ഷൻ ഗ്രൂപ് സിവിൽ പൊലീസ് ഓഫിസർമാരായ കെ.ജി. പ്രദീപ്, കെ.ബി. സുനീപ്, സജി ചന്ദ്രൻ, സിംസൺ, പേരാമംഗലം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എസ്. പ്രദീപ്, കെ.എൻ. സുധീർ, അതുൽ ശങ്കർ, ജിതിൻരാജ്, അബി ബിലയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

