Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ കൊന്ന് കുഴിച്ചുമൂടി, പിന്നാലെ നാടുവിടൽ; പൊലീസിനെ കുഴപ്പിച്ച ഇരട്ട തിരോധാന നാടകത്തിനൊടുവിൽ പിതാവ് അറസ്റ്റിൽ!

text_fields
bookmark_border
മകളെ കൊന്ന് കുഴിച്ചുമൂടി, പിന്നാലെ നാടുവിടൽ; പൊലീസിനെ കുഴപ്പിച്ച ഇരട്ട തിരോധാന നാടകത്തിനൊടുവിൽ പിതാവ് അറസ്റ്റിൽ!
cancel

ബംഗളൂരു: കർണാടകയിലെ തുമകൂരുവിൽ ഒരു മാസം മുമ്പ് കാണാതായ പതിനേഴുകാരിയുടെയും പിതാവിന്റെയും തിരോധാനത്തിന് പിന്നിലെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്ത്. സ്വന്തം മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം ഒളിവിൽ പോയ പിതാവിനെ തുമകൂരു പൊലീസ് അറസ്റ്റ് ചെയ്തു. സിര താലൂക്കിലെ നിംബേമരദഹള്ളി സ്വദേശിയായ തിമ്മരായപ്പ (48) എന്ന കർഷകനാണ് മകൾ ടി. മേഘനയെ (17) ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മേഘന അമ്മയുടെ അടുത്ത ബന്ധുവായ ഇലക്ട്രീഷ്യനുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അമ്മ പിന്തുണച്ചിരുന്നെങ്കിലും പിതാവ് തിമ്മരായപ്പ ശക്തമായി എതിർത്തിരുന്നു. ഏപ്രിൽ 16ന് ഇതേച്ചൊല്ലി സംസാരിക്കാനെന്ന വ്യാജേന ഇയാൾ മകളെ കൃഷിയിടത്തിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ തിമ്മരായപ്പ മേഘനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മകൾ ബോധരഹിതയായി വീണതോടെ ഇയാൾ ആദ്യം മൃതദേഹം തോട്ടത്തിലെ കിണറ്റിലേക്ക് എറിഞ്ഞു. എന്നാൽ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുമെന്ന് ഭയന്ന് അന്നുതന്നെ രാത്രിയോടെ കിണറ്റിൽ നിന്ന് പുറത്തെടുക്കുകയും സമീപത്തെ വരണ്ട തടാകക്കരയിൽ ആഴം കുറഞ്ഞ കുഴിയെടുത്ത് മൂടുകയുമായിരുന്നു. തൊട്ടടുത്ത ദിവസം മകളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യക്കൊപ്പം ഇയാൾ പൊലീസിൽ പരാതിയും നൽകി.

അന്വേഷണം പുരോഗമിക്കുന്നതിനിടെ കൃത്യം ഒരാഴ്ചക്ക് ശേഷം തിമ്മരായപ്പ വീട്ടിൽ നിന്ന് പണവും ബൈക്കുമായി മുങ്ങി. ഇതോടെ ഭർത്താവിനെയും കാണാനില്ലെന്ന് കാണിച്ച് ഭാര്യ വീണ്ടും പൊലീസിനെ സമീപിച്ചു. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ പൊലീസിന് ആദ്യഘട്ടത്തിൽ സൂചനകളൊന്നും ലഭിച്ചില്ല.

വിവിധ താലൂക്കുകളിലെ ക്ഷേത്രങ്ങളിലും ബസ് സ്റ്റാൻഡുകളിലുമായി ഒളിവിൽ കഴിഞ്ഞ ഇയാൾ, സെക്കൻഡ് ഹാൻഡ് ഫോണും വ്യാജ സിം കാർഡും വാങ്ങി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനിടെ കൊലപാതകക്കേസിൽ മുൻകൂർ ജാമ്യം എടുക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തി. പിന്നീട് തിമ്മരായപ്പ ഗ്രാമത്തിനടുത്തുള്ള തന്റെ സുഹൃത്തിനെ സന്ദർശിച്ചതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. മുൻകൂർ ജാമ്യം എടുക്കുന്നതിനെക്കുറിച്ച് ഇയാൾ സുഹൃത്തിനോട് സംസാരിച്ചിരുന്നു. സംശയം തോന്നിയ സുഹൃത്ത് വിവരം പൊലീസിനെ അറിയിക്കുകയും തിമ്മരായപ്പയുടെ പുതിയ ഫോൺ നമ്പർ കൈമാറുകയും ചെയ്യുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ ട്രാക്ക് ചെയ്ത പൊലീസ്, പ്രതി സ്വന്തം ഗ്രാമ പരിധിയിൽ തന്നെയുണ്ടെന്ന് കണ്ടെത്തുകയും ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആദ്യഘട്ടത്തിൽ മകളെ നഷ്ടപ്പെട്ട പിതാവായി അഭിനയിച്ച് പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man murders 17-year-old daughter over choice of groom
Next Story