പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതി ഇരയെയും കുടുംബത്തെയും വകവരുത്തി; പക തീരാതെ സ്വന്തം കുടുംബത്തെയും കൊലപ്പെടുത്തി വീണ്ടും ഒളിവിൽ
text_fieldsപ്രതി
ഹൈദരാബാദ്: പോക്‌സോ കേസിൽ ജാമ്യം ലഭിച്ച യുവാവ് ഇരയെ ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര അരങ്ങേറിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ 35കാരനാണ് ഈ കൊടും ക്രൂരത നടത്തിയത്. ഇരയേയും കുടുംബത്തെയും കൊലപ്പെടുത്തിയശേഷം സ്വന്തം ഭാര്യയേയും മകകളെയും പ്രതി കൊലപ്പെടുത്തി.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിയുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ ദൂരെയുള്ള ഷാബാദ് ടൗണിലേക്ക് കാറിലെത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ അമ്മയെ കത്തികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തി. തുടർന്ന് ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം 16-കാരിയായ പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. പിന്നീട് ഗ്രാമത്തിലുള്ള തടാകക്കരയിൽ വെച്ച് പെൺകുട്ടിയെ പ്രതി കുത്തിക്കൊലപ്പെടുത്തി മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ, വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ പ്രതി ഉപദ്രവിച്ചില്ല. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വന്തം വീട്ടിലെത്തിയ പ്രതി, വെറും ആറ് മിനിറ്റിനുള്ളിൽ തന്റെ ഭാര്യയെയും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. മേയ് മാസത്തിലാണ് പ്രതിക്കെതിരെ പെൺകുട്ടിയും കുടുംബവും പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്.
കൊലപാതകം നടത്തിയ ശേഷം പ്രതി ഷാബാദിൽ താമസിക്കുന്ന പിതാവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതി കാറിൽ കയറി രക്ഷപ്പെട്ടു. പ്രതിയുടെ പിതാവാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി അന്വേഷ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
2026 മേയ് മാസത്തിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് പ്രതി ഒളിവിലായിരുന്നു. പിന്നീട് ജൂൺ മാസത്തിൽ ഷാബാദിലെ പ്രാദേശിക കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ പ്രതി, കോടതിയുടെ നിർദ്ദേശപ്രകാരം വ്യക്തിഗത ബോണ്ടിൽ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ശേഷം ഗ്രാമത്തിൽ തിരിച്ചെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. എന്നാൽ, പെൺകുട്ടിയുടെ കുടുംബത്തെയും സ്വന്തം കുടുംബത്തെയും ഇയാൾ എന്തുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലായെന്ന് ഹൈദരാബാദ് സിറ്റി കമീഷണർ തരുൺ ജോഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
