മറ്റൊരു പ്രണയം ഉണ്ട്, തീരുമാനിച്ച വിവാഹം ഇഷ്ടമല്ല; പൊലീസിനു മുന്നില്‍ വെച്ച് മകളെ വെടിവെച്ച് കൊന്ന് അച്ഛന്‍
text_fieldsഭോപ്പാൽ: മകളെ പൊലീസിന് മുന്നിൽ വെച്ച് അച്ഛൻ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ അച്ഛൻ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനു (20) ആണ് മരിച്ചത്. വിവാഹത്തിന് നാല് ദിവസം ബാക്കി നിൽക്കെയാണ് അച്ഛന്റെ ക്രൂരത.
ചൊവ്വാഴ്ച നഗരമധ്യത്തിലെ ഗോല കാ മന്ദിറില്‍ വെച്ച് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. തനുവിന് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞെങ്കിലും കടുത്ത എതിർപ്പാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പ് ഇതുമായി ബന്ധപ്പെട്ട ഒരു വിഡിയോ തനു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പ്രകോപിതനായാണ് അച്ഛൻ മഹേഷ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയം തനുവിന്റെ ബന്ധുവായ രാഹുൽ എന്നയാളും മഹേഷിനോപ്പം ഉണ്ടായിരുന്നു.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് തനു ഷെയര്‍ ചെയ്ത 52 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയില്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് വിവാഹം തീരുമാനിച്ചതെന്നും വീട്ടുകാർ തന്റെമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും പറയുന്നു. അച്ഛനെക്കുറിച്ചും താൻ അനുഭവിക്കുന്ന കഷ്ടപാടുകളെക്കുറിച്ചും വിഡിയോയിൽ തനു പറയുന്നുണ്ട്.
'വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ട്ടം. വീട്ടുകാര്‍ ആദ്യം സമ്മതിച്ചെങ്കിലും അവർ എന്നെ ദിവസവും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ കുടുംബത്തിനായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും'- തനു വിഡിയോയില്‍ പറയുന്നുണ്ട്.
വിഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് തനുവിന്റെ വീട്ടിലെത്തി സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ തുടരുന്നതിന് തനിക്ക് സമ്മതമല്ലെന്ന് തനു പറഞ്ഞതായി പൊലീസ് പറയുന്നു. ഇവിടെ നിന്നും വണ്‍ സ്റ്റോപ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ മുറിക്കുള്ളിലായിരുന്ന തനുവിനെ ഒറ്റയ്ക്ക് കണ്ട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞ മഹേഷിനെ സംസാരിക്കാൻ അനുവദിച്ചു. സംസാരത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെത്തുടർന്ന് മഹേഷ് മകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ജനുവരി 18ന് നിശ്ചയിച്ച വിവാഹ ഒരുക്കങ്ങൾക്കിടെയായിരുന്നു കൊലപാതകം. മഹേഷിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന രാഹുലിനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തനുവിൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

