നീറ്റ് പരീക്ഷയിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ യുവാവ് കാൽപത്തി മുറിച്ചുമാറ്റി
text_fieldsപ്രതീകാത്മക ചിത്രം
ലഖ്നോ: നീറ്റ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കാനായി യുവാവ് കാൽപത്തി മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ ജൗൻപൂരിലാണ് സംഭവം. 24കാരനായ സൂരജ് ഭാസ്കറാണ് മെഡിക്കൽ സീറ്റിനായി കടുംകൈ ചെയ്തത്.
ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നീറ്റ് പരീക്ഷയിൽ മാർക്ക് ഇളവ് കിട്ടുന്നതടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇതിന് വേണ്ടിയാണ് കാൽപത്തിയുടെ ഒരു ഭാഗം ഇയാൾ മുറിച്ചുമാറ്റിയത് എന്ന് പൊലീസ് അറിയിച്ചു. ജനുവരി 18നാണ് കാൽപത്തി മുറിച്ചത്. എന്നാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് സത്യാവസ്ഥ പുറംലോകമറിയുന്നത്.
ഫാർമസിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ സൂരജ് എം.ബി.ബി.എസ് കരസ്ഥമാക്കാനായി നീറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. തന്നെ അജ്ഞാതർ ആക്രമിച്ചെന്നും ആക്രമണത്തിൽ കാൽപത്തി നഷ്ടമായെന്നുമാണ് സൂരജ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ സൂരജിന്‍റെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഇയാളുടെ കോൾ റെക്കാർഡുകൾ പരിശോധിച്ചു. പെൺസുഹൃത്തിനോട് സംസാരിച്ച ഫോൺ രേഖകളിലൂടെയാണ് എം.ബി.ബി.എസ് സീറ്റ് കിട്ടാനായി കാൽമുറിച്ചതാണെന്ന് വ്യക്തമായത്.
അന്വേഷണ സംഘം പെൺകുട്ടിയെയും ചോദ്യംചെയ്തിരുന്നു. കാൽമുറിച്ചുമാറ്റിയ സ്ഥലത്തുനിന്നും അനസ്തേഷ്യക്കുള്ള മരുന്നുകൾ പൊലീസ് കണ്ടെടുത്തു. ഇയാളുടെ ഡയറിയിൽ നിന്നും ചില വിവരങ്ങൾ ലഭിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സക്ക് ശേഷം കൂടുതൽ മൊഴി രേഖപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

