
ജീവനാംശം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്; യുവതി ആശുപത്രിയിൽ
text_fieldsഭോപാൽ: കുടുംബവഴക്കിനെ തുടർന്ന് പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ് ദിനേശ് മാലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
2008ലായിരുന്നു ദിനേഷിന്റെയും ടിനയുടെയും വിവാഹം. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട്. ദിനേഷ് ജോലിക്ക് പോകാറില്ലെന്നും ദിവസവും വീട്ടിൽ മദ്യപിച്ച് എത്തുമായിരുന്നുവെന്നും ടിന നൽകിയ പൊലീസിന് മൊഴിയിൽ പറയുന്നു.
ദിനേഷ് ദിവസവും മദ്യപിച്ച് എത്തുന്നതോടെ ഇരുവരും തമ്മിൽ വഴക്കും പതിവായി. ടിനയെ ദിനേഷ് ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതോടെ യുവതി രണ്ടു പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. പാചകത്തൊഴിൽ ചെയ്തായിരുന്നു ടിന കുട്ടികളെ നോക്കിയിരുന്നത്. 2019ൽ ടിന കോടതിയെ സമീപിച്ച് ഭർത്താവിൽനിന്ന് ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ടു.
കേസ് നടന്നുകൊണ്ടിരിക്കേ കഴിഞ്ഞദിവസം ദിനേഷ് ടിനയുടെ വീട്ടിലെത്തുകയായിരുന്നു. ജീവനാംശം സംബന്ധിച്ച ചർച്ച പിന്നീട് ബഹളത്തിൽ കലാശിച്ചു. ഇതോടെ ദിനേഷ് ടിനയുടെ മൂക്കിൽ കടിക്കുകയായിരുന്നു. മൂക്കിൽനിന്ന് രക്തം വന്നതോടെ ദിനേഷ് സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ടിനയുടെയും മക്കളുടെയും കരച്ചിൽേകട്ട് നാട്ടുകാർ ഓടിയെത്തുകയും യുവതിയെ ആശുപത്രിയിലാക്കുകയുമായിരുന്നു. ടിന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തുടർന്ന് ദിനേഷിനെതിരെ അലോട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
