എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
text_fieldsജിസാർ
കൊടുവള്ളി: ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കളരാന്തിരി ചന്ദനംപുറത്ത് ജിസാറാണ് (33) പിടിയിലായത്. ശനിയാഴ്ച വൈകീട്ട് കൊടുവള്ളി നെടുമലയിൽ എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് ജിസാറിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ ലഹരിമരുന്ന് കണ്ടെത്തുന്നത്. ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന തുലാസും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊടുവള്ളിയിലെ ആവശ്യക്കാർക്ക് ചില്ലറ വിൽപനക്കായി കൊണ്ടുവന്നതാണ് എം.ഡി.എം.എയെന്ന് പൊലീസ് പറഞ്ഞു.
ജിസാർ സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിച്ചുവരുന്ന ആളാണെന്നും മൊത്ത വിതരണക്കാരിൽനിന്നും വാങ്ങി കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തിവരുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമിയുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലകണ്ടിയുടെ നേതൃത്വത്തിൽ ലഹരി വിൽപനക്കെതിരെ ശക്തമായ നടപടികൾ പൊലീസ് നടത്തിവരുന്നതിനിടയിലാണ് കൊടുവള്ളിയിൽ മാരക ലഹരിമരുന്ന് പിടികൂടിയത്.
പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു.
കൊടുവള്ളി എസ്.ഐ അനൂപ് അരീക്കര, എസ്.ഐ എസ്.ആർ. രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ. ലിനീഷ്, അബ്ദുൽ റഹീം, എൻ.എം. ജയരാജൻ, സിവിൽ പൊലീസ് ഓഫിസർ ഷഫീഖ് നീലിയാനിക്കൽ, സത്യരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ജിസാറിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

