കഞ്ചാവ് വലിച്ചെറിഞ്ഞ് തോട്ടിൽ ചാടിയയാൾ അറസ്റ്റിൽ
text_fieldsതിരുവല്ല: കൈയിൽ കരുതിയ കഞ്ചാവുപൊതി വലിച്ചെറിഞ്ഞശേഷം തോട്ടിൽ ചാടി കടന്നുകളഞ്ഞയാളെ പൊലീസ് പിടികൂടി. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വിൽപന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസിയാണ് (54) ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും സംയുക്ത തിരച്ചിലിൽ ശനിയാഴ്ച കൊട്ടാലി പാലത്തിനടുത്തുനിന്ന് പിടികൂടിയത്.
വെള്ളിയാഴ്ച പൊലീസ് പിന്തുടരുന്നതറിഞ്ഞ ഇയാൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച കഞ്ചാവ് വെള്ളത്തിൽ വലിച്ചെറിഞ്ഞ് കടന്നുകളയുകയായിരുന്നു. കവറിൽനിന്ന് 90 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ, എസ്.ഐ നിത്യ സത്യൻ, എ.എസ്.ഐമാരായ ബിജു, അജികുമാർ, സി.പി. സുജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

