ഭാര്യാപിതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsഅംശുരാജ്
കിളിമാനൂർ: ഭാര്യാഗൃഹത്തിൽ അതിക്രമിച്ച് കയറി വയോധികനായ പിതാവിനെ ദേഹോപദ്രവമേൽപിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം അച്ചൻകോവിൽ ഹരിജൻ കോളനി ബ്ലോക്ക് നമ്പർ 27 അംശുഭവനിൽ അംശുരാജിനെയാണ് (41) കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. പിണങ്ങിക്കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും പിതാവ് സംരക്ഷിക്കുന്നതിന്റെ വിരോധത്തിലാണ് ആക്രമണം.
തട്ടത്തുമല മറവക്കുഴിയിലാണ് ഭാര്യാഗൃഹം. ഇയാൾ അതിക്രമിച്ച് കയറി കൈയിൽ കരുതിയിരുന്ന ഓട് കൊണ്ട് ഭാര്യാ പിതാവായ ബാബുവിന്റെ (75) തലയിലും മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞുതകർക്കുകയുമായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒളിവിൽപോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. സർക്കാർ ജീവനക്കാരനായിരുന്ന അംശുരാജിനെ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് 2016ൽ സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ.നായർ, എ.എസ്.ഐമാരായ ഷജിം, താഹിർ, ഷാജു, എസ്.സി. പി.ഒ മഹേഷ്, സി.പി.ഒമാരായ വിനയ ചന്ദ്രൻ, ശ്രീരാജ്, വനിത സി.പി.ഒ രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

