വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ പിടിയിൽ
text_fieldsകണ്ണനല്ലൂർ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഉദ്യോഗാർഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പൊലീസ് പിടിയിലായി. തിരുവനന്തപുരം തിരുവല്ലം ഷാരോൺ വില്ലയിൽ ഷിറാസ് (49) ആണ് പിടിയിലായത്.
പള്ളിമൺ വെളിച്ചിക്കാല ജുമാമസ്ജിദിന് സമീപം ദാറുൽ സലാം മൻസിലിൽ ജാഫർ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2019 ൽ ജാഫർ ഉൾപ്പെടെ തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ 11 പേരെ കാനഡയിലേക്കെന്ന് പറഞ്ഞ് അസർബൈജാനിൽ കൊണ്ടുപോയി ഒരു മാസത്തോളം അവിടെ താമസിപ്പിച്ചശേഷം തിരികെ നാട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾ കേരള-തമിഴ്നാട് അതിർത്തിയിൽ ആനപ്പാറ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നതായി കൊല്ലം സിറ്റി പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ചാത്തന്നൂർ അസി. പൊലീസ് കമീഷണർ ബി. ഗോപകുമാറിെൻറ നിർദേശപ്രകാരം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, എസ്.ഐ ഡി. സജീവ്, എ.എസ്.ഐ ബിജു, സി.പി.ഒമാരായ സജികുമാർ, ലാലുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.