കിരാലൂരിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsപ്രഭാകരൻ
വേലൂർ: കിരാലൂരിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചയാളെ അറസ്റ്റു ചെയ്തു. പുതുരുത്തി കോട്ടംക്കുന്നത്ത് വീട്ടിൽ ജയൻ എന്ന പ്രഭാകരനെയാണ് (46) എരുമപ്പെട്ടി എസ്.ഐ കെ. അനുദാസും സംഘവും അറസ്റ്റ് ചെയ്തത്. വേലൂർ കിരാലൂർ ശാന്തിനഗറിൽ തെക്കൂട്ട് വീട്ടിൽ പുരുഷോത്തമന്റെ മകൾ സ്മിതയെയാണ് (36) പ്രഭാകരൻ കുത്തി പരിക്കേൽപ്പിച്ചത്. വീട്ടുവഴക്കിനെ തുടർന്ന് കഴിഞ്ഞ ജൂൺ ഒന്ന് മുതൽ സ്മിത കിരാലൂരിലുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. പ്രഭാകരൻ ഇവിടെയെത്തിയും ഭീഷണിപ്പെടുത്താറുണ്ടെന്ന് പറയുന്നു. ചൊച്ചാഴ്ച രാത്രി എട്ടോടെ കിരാലൂരിലെ വീട്ടിലെത്തിയ പ്രഭാകരൻ സ്മിതയുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
വയറ്റിൽ കുത്തേറ്റ സ്മിതയെ വീട്ടുകാർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതിയെ ബുധനാഴ്ച പുലർച്ചെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എ.എസ്.ഐമാരായ എം.എ. ജിജി, എ.വി. സജീവ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.ടി. അനിൽ, കെ. സഗുൺ, എ.ബി. ഷിഹാബുദ്ദീൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

