കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി വിൽപന; യുവാവ് പിടിയിൽ
text_fieldsലഖ്‌നോ: കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്‍റെയും വസ്ത്രം മാറുന്നതിന്‍റെയും ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളിൽ വിൽപനക്ക് വെച്ച കേസിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശി അമിത് കുമാർ ജാ (27) ആണ് പിടിയിലായത്.
സ്ത്രീകൾ അമൃത സ്നാനം നടത്തുന്നതിന്‍റെയും വസ്ത്രം മാറുന്നതിന്‍റെയും ദൃശ്യങ്ങൾ പകർത്തി യൂട്യൂബ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വിൽപന നടത്തുകയായിരുന്നു. പ്രയാഗ് രാജ് സൈബർ ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്. തന്‍റെ യൂട്യൂബ് ചാനലിൽ ഫോളോവേഴ്സിന്‍റെ എണ്ണം വർധിപ്പിക്കാനും അതുവഴി പണം സമ്പാദിക്കാനുമാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് ജാ സമ്മതിച്ചു.
ദൃശ്യം പകർത്താനും മറ്റും ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. കുംഭമേളക്കെത്തുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വില്‍ക്കുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് നടപടി. ഇത്തരം ദൃശ്യങ്ങള്‍ വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട 103 സമൂഹമാധ്യമ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞെന്നും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് പൊലീസിന്‍റെ സോഷ്യല്‍ മീഡിയാ നിരീക്ഷണ വിഭാഗമാണ് കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ കുളിക്കുന്നതിന്‍റെയും വസ്ത്രം മാറുന്നതിന്‍റെയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വില്‍പനക്ക് വെച്ചതായി കണ്ടെത്തിയത്. ടെലിഗ്രാമിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ദൃശ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

