വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
text_fieldsമിഥിലാജ്
മുഹമ്മ: വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പൊലീസ് പിടിയിലായി. കണ്ണൂർ അഴീക്കോട് അഞ്ചക്കാരൻ മിഥിലാജാണ് (33) മുഹമ്മ പൊലീസിന്റെ പിടിയിലായത്.
മുഹമ്മ സ്വദേശികളായ ദമ്പതികളോട് സൗദി അറേബ്യയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. പൊലീസ് പറയുന്നത് ഇപ്രകാരം: മുഹമ്മയിലെ ഒരു ഹോട്ടലിൽ മാനേജരായ ജോലി നോക്കവേ ഹോട്ടലിൽ സ്ഥിരം സന്ദർശനം നടത്തുന്ന പരാതിക്കാരനുമായി പ്രതി പരിചയത്തിലാകുകയായിരുന്നു.
തുടർന്ന് പലതവണയായി പരാതിക്കാരനിൽനിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കി. പ്രതിക്ക് പണം കൈമാറിയ ശേഷം വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ മുഹമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഒളിവിൽ പോയ പ്രതിയെ കണ്ണൂരിലെ അഴീക്കോട് നിന്ന് അറസ്റ്റ്
ചെയ്യുകയായിരുന്നു. മുഹമ്മ പൊലീസ് ഇൻസ്പെക്ടർ എം. ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ലാലി തോമസ്, മനോജ് കൃഷ്ണൻ, സി.പി. നന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

