വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം: യുവാവ് പിടിയിൽ
text_fieldsകൊല്ലം: ബൈപാസിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 167, ഉണ്ണി നിവാസിൽ ഉണ്ണി (27) ആണ് കിളികൊല്ലൂർ പൊലീസിെൻറ പിടിയിലായത്. കൊല്ലം ബൈപാസിൽ പാൽക്കുളങ്ങര ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽനിന്ന് ഏതാനും ദിവസം മുമ്പ് ബാറ്ററി മോഷണം പോയതായി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവസ്ഥലത്തിന് സമീപം സംശയകരമായി കണ്ട പ്രതി പിടിയിലായത്. ഇയാൾക്കെതിരെ കൊല്ലം ഈസ്റ്റ്, ഇരവിപുരം, തമ്പാനൂർ, എറണാകുളം സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കുറ്റത്തിന് കേസുകൾ നിലവിലുണ്ട്.
കൊല്ലം അസി. പൊലീസ് കമീഷണർ ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിൽ കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ ജയൻ കെ. സക്കറിയ, സുധീർ, അനീഷ്, താഹ കോയ, എ.എസ്.ഐ സന്തോഷ് കുമാർ, സി.പി.ഒ ഷാജി എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.