മമത വധം: പുരുഷ നഴ്സ് അറസ്റ്റിൽ
text_fieldsബംഗളൂരു: ദക്ഷിണ ബംഗളൂരുവിലെ കുമാരസ്വാമി ലേഔട്ടിൽ താമസിക്കുകയായായിരുന്ന ജയദേവ ആശുപത്രി നഴ്സ് മമത (39) കൊല്ലപ്പെട്ട കേസിൽ സഹ നഴ്സ് സി. സുധാകറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുധാകർ അടുത്തിടെ മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെന്നും അത് ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാൻ മമത സമ്മർദം ചെലുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആത്മഹത്യാ ഭീഷണി മുഴക്കിയതായും സുധാകറിന്റെയും മാതാപിതാക്കളുടെയും പേരുകൾ മരണക്കുറിപ്പിൽ പരാമർശിച്ചതായും ഇത് പ്രതിയെ മാനസികമായി തളർത്തിയതായും പൊലീസ് അറിയിച്ചു. ഇതിൽ മനംനൊന്ത് ബുധനാഴ്ച രാത്രി മമതയെ അടുക്കള കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ സ്വദേശിയാണ് മമത. ഹസ്സൻ സ്വദേശിയായ സുധാകർ ബനശങ്കരി രണ്ടാം സ്റ്റേജിലാണ് താമസിച്ചിരുന്നത്. പ്രതി മമതയെ കാണാൻ വന്നപ്പോൾ വീട്ടിൽ തനിച്ചായിരുന്നു. കൊലപ്പെടുത്തിയശേഷം, മാല ഊരിമാറ്റി കവർച്ച നടത്തിയതായി വരുത്തിത്തീർത്തു.
വ്യാഴാഴ്ച രാവിലെ 11ഓടെ വീട്ടുടമസ്ഥൻ പൊലീസിൽ പരാതി നൽകി. രാത്രി 10.30 ഓടെ വീട്ടിലേക്ക് മടങ്ങുമെന്നും താക്കോൽ വാതിലിനടുത്ത് സൂക്ഷിക്കാൻ ആവശ്യപ്പെട്ടും മമത കഴിഞ്ഞ ദിവസം വൈകീട്ട് തന്നെ വിളിച്ചിരുന്നുവെന്ന് വീട്ടുടമസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. പിറ്റേന്ന് രാവിലെ, റൂംമേറ്റ് ശ്രുതി വീട്ടുടമസ്ഥനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മമതയെ അദ്ദേഹം കണ്ടെത്തി.
മമതയുടെ കാൾ റെക്കോഡുകൾ പരിശോധിച്ച പൊലീസ് സുധാകർ പലതവണ അവരെ വിളിച്ചതായി കണ്ടെത്തി. സമീപത്തുള്ള സി.സി.ടി.വി കാമറകളും അവർ പരിശോധിച്ചപ്പോൾ മമതയുടെ വീടിനടുത്തുള്ള സുധാകറിന്റെ നീക്കങ്ങൾ അവർ നിരീക്ഷിച്ചു. തുടർന്ന് സുധാകറിനെ കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
മമതക്കിടയിലെ പ്രായവ്യത്യാസത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം താൻ അവരുമായി അകന്നുനിന്നതായി സുധാകർ അവകാശപ്പെട്ടതായും ഇത് ആവർത്തിച്ചുള്ള തർക്കങ്ങൾക്ക് കാരണമായതായും പൊലീസ് പറഞ്ഞു. കുമാരസ്വാമി ലേഔട്ട് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

