മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ വിസ ഏജൻസി നടത്തിപ്പുകാരെന്ന്
text_fieldsസൂരജ്
ചാലക്കുടി (തൃശൂർ): അർമേനിയയിൽ കൊരട്ടി സ്വദേശി കുത്തേറ്റു മരിച്ചു. ചാലക്കുടി സ്വദേശിക്ക് കുത്തേറ്റ് ഗുരുതര പരിക്കേറ്റു. കൊരട്ടി കട്ടപ്പുറം പാറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജാണ് (27) മരിച്ചു. ചാലക്കുടി സ്വദേശി ലിജോക്കാണ് കുത്തേറ്റത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ബന്ധുക്കൾ പറയുന്ന വിവരം ഇങ്ങനെ: കഴിഞ്ഞ ഫെബ്രുവരിയിലാണ് സൂരജ് അർമേനിയയിലേക്ക് പോയത്.
അവിടെ ചെന്നതിനുശേഷം സൂരജും ലിജോയും വെസ്റ്റ് കൊരട്ടി സ്വദേശിയായ മറ്റൊരു യുവാവും ചേർന്ന് യൂറോപ്യൻ വിസക്കുവേണ്ടി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന് പണം നൽകിയിരുന്നു. വിസ ലഭിക്കാത്തതിനെ ചൊല്ലി സൂരജും ലിജോയും ഏജന്റുമായി തർക്കത്തിലായി.
തർക്കം കൂടിയപ്പോൾ ഏജന്റിന്റെ അർമേനിയൻ അംഗരക്ഷകർ കത്തിയെടുത്ത് ഇരുവരെയും കുത്തുകയായിരുന്നു. കുത്തേറ്റ സൂരജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കഴുത്തിനും വയറിനും കുത്തേറ്റ ലിജോ അതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ഓഫിസുമായും വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ട് വരുന്നു. സൂരജിന്റെ മാതാവ്: ജയ. സഹോദരൻ: സൂർജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

