മലയാളി വിദ്യാർഥികളെ വീട് കയറി ആക്രമിച്ചു; നാല് തമിഴ്നാട്ടുകാർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
ബംഗളൂരു: സഹപാഠിയുമായുള്ള തർക്കത്തെത്തുടർന്ന് മലയാളി വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും പണവും ലാപ്ടോപ്പുകളും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ അഭിനേഷ് കലൈവേന്ദൻ, വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ എന്നിവരെയാണ് കൊണനകുണ്ടെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് മൂന്ന് ലക്ഷത്തിന്റെ രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവ കണ്ടുകെട്ടി.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളും സഹപാഠിയായ തമിഴ്‌നാട് സ്വദേശി അഭിനേഷും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.തർക്കത്തിന് പിന്നാലെ അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ബംഗളൂരു കൊണനകുണ്ടെയിൽ വിദ്യാർഥികൾ വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് അഭിനേഷിന്റെ ആവശ്യപ്രകാരം എത്തിയ സംഘം അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടു.
പതിനൊന്ന് വിദ്യാർഥികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഇർഫാൻ മുഹമ്മദ്, ആദർശ്, ഡാർവിൻ, മുഹമ്മദ് സൽമാൻ, ഉത്തരേഷ്, ബേസിൽ എന്നിവർക്കാണ് മർദനമേറ്റത്. വിദ്യാർഥികളെ മർദിച്ച ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി സംഘം കടന്നുകളയുകയായിരുന്നു.
പ്രതികൾ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെയും വിദ്യാർഥികൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെല്ലാം വലയിലായത്.കവർച്ച ചെയ്ത വസ്തുക്കൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

