കോട്ടയം നഗരത്തിലെ ഇലക്ട്രോണിക് കടയിൽ വൻ കവർച്ച
text_fieldsഅറസ്റ്റിലായ പ്രതികൾ
കോട്ടയം: നാഗമ്പടത്ത് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വ്യാപാര സ്ഥാപനത്തിൽ നിന്നും 70 ലക്ഷം രൂപയോളം വിലമതിക്കുന്ന ഇലക്ട്രോണിക് ഉൽപന്നങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ പിടിയിൽ. റിലയൻസ് ഡിജിറ്റൽ ഷോപ്പിലെ ജീവനക്കാരായ ഏറ്റുമാനൂർ പേരൂർ സ്വദേശി ക്രിസ്റ്റി, ചങ്ങനാശ്ശേരി കുറുമ്പനാടം സ്വദേശി പ്രിൻസ് എന്നിവരാണ് ഗാന്ധിനഗർ പൊലീസിന്റെ പിടിയിലാകുന്നത്. ഡിജിറ്റൽ കമ്യൂണിക്കേഷന് തിരുവല്ല ഭാഗത്തെ ടീം ലീഡർ ആയിരുന്നു ക്രിസ്റ്റി.
സ്ഥാപനത്തിൽ നിന്ന് 74 ലാപ് ടോപ്പും നാല് ഐപാഡുകളും മൂന്ന് ഐ ഫോണുകളുമാണ് കാണാതായത്. കഴിഞ്ഞ ദിവസം കടയിൽ നടത്തിയ സ്റ്റോക്ക് പരിശോധനയിൽ ചില ഉൽപന്നങ്ങളിൽ കുറവ് കണ്ടെത്തിയതോടെയാണ് മോഷണം സംശയിച്ചത്. ഇതേതുടർന്ന് സ്ഥാപന അധികൃതർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
2023 മുതൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രതികൾ കടയിൽ നിന്ന് ഇലക്ട്രോണിക് ഉൽപന്നങ്ങൾ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി. ഉൽപന്നങ്ങൾ ഒറിജിനൽ പാക്കറ്റുകളിൽ നിന്ന് മാറ്റി പകരം രസീത് ബുക്കുകൾ നിറക്കുകയായിരുന്നു. ഉൽപന്ന കവറിന്റെ തൂക്കം അടിസ്ഥാനമാക്കിയാണ് അധികൃതർ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തിയിരുന്നത്. എന്നാൽ, ഐഫോൺ കാണാതായതിനെ തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ക്രിസ്റ്റിയിൽ എത്തിച്ചേർന്നത്.
മോഷ്ടിച്ച ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് കോട്ടയം ജില്ലയിലും എറണാകുളത്തെ ഏജന്റ് വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മറിച്ചു വിൽക്കുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്ന് അറിയിച്ചു. മോഷ്ടിക്കപ്പെട്ട ഉൽപന്നങ്ങൾ വീണ്ടെടുക്കാൻ അഞ്ചംഗ സംഘം ഊർജിത അന്വേഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

