‘വിലക്കുറവിന്റെ കട’ നാട്ടുകാരുടെ പണം തട്ടി പൂട്ടി; ഉടമകൾ മുങ്ങി
text_fieldsപൂട്ടിയ സ്ഥാപനത്തിന് മുന്നിൽ തടിച്ചുകൂടിയ ഇടപാടുകാർ
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കൽ ടൗണിൽ പുതുതായി ആരംഭിച്ച 'ഗ്ലോബൽ എന്റർപ്രൈസസ്' എന്ന ബിസിനസ് സ്ഥാപനം നാട്ടുകാരിൽ നിന്ന് വൻ തുക കൈക്കലാക്കി മുങ്ങിയതായി പരാതി. 15 ദിവസം മുമ്പ് മരിക്കാട്ടെ പ്രധാന റോഡിലാണ് ഷോറൂം തുറന്നത്.
ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ അസാധാരണമാംവിധം വിലക്കിഴിവിൽ നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. തമിഴ്നാട് സ്വദേശികളാണ് ഉടമകൾ. തുടക്കത്തിൽ പൊതുജനങ്ങളുടെ വിശ്വാസം നേടാൻ കുറഞ്ഞ വിലക്ക് ഉൽപന്നങ്ങൾ വിറ്റിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട്, പണം മുൻകൂർ തന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡെലിവറി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് വൻതോതിൽ പണം ശേഖരിക്കാൻ തുടങ്ങി. എന്നാൽ, ബുധനാഴ്ച ഉടമകൾ അപ്രത്യക്ഷരായി. ഓഫിസ് പൂട്ടിയ നിലയിലാണ്.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഭട്കൽ ടൗൺ എസ്‌ഐ നവീൻ നായിക് പറഞ്ഞു. “സ്ഥാപനത്തിന്റെ ഉടമകൾ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു. ഗ്ലോബൽ എന്റർപ്രൈസസിലേക്ക് പണമടച്ച എല്ലാ ഇരകളും രസീതുകളുമായി ഭട്കൽ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തി ഔദ്യോഗിക പരാതികൾ നൽകണമെന്നും പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

