ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് സ്വർണവുമായി മുങ്ങിയ കേസിലെ മുഖ്യപ്രതി പിടിയിൽ
text_fieldsഅഭിഷേക്
കയ്പമംഗലം: വ്യാജ പേമെന്റ് ആപ്പ് വഴി പണമയച്ചതായി സ്വർണ വ്യാപാരിയെ വിശ്വസിപ്പിച്ച ശേഷം മൂന്നുപീടികയിലെ ജ്വല്ലറിയിൽനിന്ന് സ്വർണവുമായി മുങ്ങിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കമറത്ത് മുട്ടം വീട്ടിൽ അഭിഷേകിനെയാണ് (26) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അഭിഷേകിനെ കയ്പമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലെ മറ്റൊരു പ്രതി പേരാവൂർ സ്വദേശി അഷ്റഫിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം സ്വദേശിയാണെന്നും ഗൾഫിൽ ബിസിനസ് നടത്തുകയാണെന്നും പരിചയപ്പെടുത്തി മാലയും വളയും മോതിരവും അടക്കം എട്ട് പവന്റെ ആഭരണങ്ങളാണ് അഭിഷേക് വാങ്ങിയത്.
മണിക്കൂറുകളോളം കടയിൽ തങ്ങിയ അഭിഷേക് ബിൽ തുക കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതിന്റെ രസീത് സ്വന്തം മൊബൈലിൽ കാണിച്ച്, ഉടമയുടെ അക്കൗണ്ടിൽ പണമെത്താൻ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാൻ അനുവദിച്ചു. ഒരു മണിക്കൂർ കഴിഞ്ഞും അക്കൗണ്ടിൽ പണമെത്താതായതോടെ വ്യാപാരി കയ്പമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സി.സി ടി.വി ദൃശ്യങ്ങളും വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. അഷ്റഫും അഭിഷേകും ഒന്നിച്ചാണ് തട്ടിപ്പിനായി കാർ വാടകക്കെടുത്ത് മൂന്നുപീടികയിലേക്ക് വന്നത്. അഷ്റഫ് തട്ടിപ്പിനു മുമ്പ് കാർ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ചശേഷം അഭിഷേകിനെ തട്ടിപ്പിനായി പറഞ്ഞയക്കുകയും പിന്നീട് തട്ടിപ്പുനടത്തിയ ശേഷം തിരിച്ചുവന്ന് രണ്ടുപേരും കാറിൽ രക്ഷപ്പെടുകയുമായിരുന്നു.
അഭിഷേകിനെതിരെ ഫറോക്ക്, കണ്ണൂർ ടൗൺ, കോഴിക്കോട് കസബ, പാനൂർ, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് തട്ടിപ്പ് കേസുകളുണ്ട്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ അഭിലാഷ്, സി.പി.ഒ സുനിൽ കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

