വീട്ടിൽ ദുരാത്മാവ് ഉണ്ടെന്ന് കബളിപ്പിച്ച് ഉടമയിൽ നിന്നു 15 ലക്ഷം രൂപ തട്ടി; വീട്ടു ജോലിക്കാരി അറസ്റ്റിൽ
text_fieldsമുംബൈ: വീട്ടിൽ ദുരാത്മാവ് ഉണ്ടെന്ന് കബളിപ്പിച്ച് ഉടമയിൽ നിന്ന് 15.87 ലക്ഷം രൂപ തട്ടിയെടുത്ത വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്. മഹാരാഷ്ട്രയിലെ ഡോബിവിലിയിലാണ് സംഭവം. ഖോനി സ്വദേശിയായ പ്രിയയാണ് അറസ്റ്റിലായത്. പ്രിയയും സുഹൃത്തായ തന്ത്രിയും ചേർന്നാണ് തട്ടിപ്പുനടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡോംബിലി സ്വദേശിയായ വസന്ത് ഗംഗാറാം സമർത്ത് എന്നയാളാണ് തട്ടിപ്പിനിരയായത്.
72കാരനായ സമർത്തിന്‍റെ ഭാര്യ മരിച്ചതോടെ ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വീട്ടു ജോലിക്കായി പ്രിയയെ നിയമിക്കുകയായിരുന്നു. ജൂലൈയോടെ വീട്ടിൽ ദുരാത്മാവിന്‍റെ ശല്യമുണ്ടെന്ന് സമർത്തിനെ വിശ്വസിപ്പിച്ച പ്രിയ ദുരാത്മാവ് ഇയാളെ കൊല്ലുമെന്നും ഭയപ്പെടുത്തി.
തുടർന്ന് ദുരാത്മാവിനെ ഒഴിപ്പിക്കാൻ സമർത്ത് പ്രിയയുടെ സഹായം തേടി. തന്‍റെ സുഹൃത്തായ ഒരു സ്ത്രീക്ക് താന്ത്രിക പ്രവർത്തികൾ അറിയാമെന്നും അവരോട് സഹായം തേടാമെന്നും പ്രിയ സമർത്തിനെ അറിയിച്ചു. തുടർന്ന് ജൂലൈക്കും സെപ്റ്റംബർ 13നും ഇടയിൽ പ്രയയുടെ സുഹൃത്തായ മറിയം വീട്ടിലെത്തി താന്ത്രിക പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഇരുവരും ചേർന്ന് സമർത്തിന്‍റെ പക്കൽ നിന്നു പണവും ആഭരണങ്ങളും കൈക്കലാക്കി.
നിരവധി തവണ പണത്തിന് ആവശ്യപ്പെട്ടതോടെ താൻ തട്ടിപ്പിനിരയാവുകയാണെന്ന് മനസിലായ സമർത്ത് മാൻപാഡാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പ്രിയയെ പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ വീട്ടിൽ നിന്നും 15.87 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സുഹൃത്ത് മറിയത്തിനായുള്ള അന്വേഷണം നടന്നുവരികയാണെന്നും സമാനരീതിയിൽ ഇവർ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

