9 മാസത്തിനിടെ 15കാരിയെ ബലാത്സംഗത്തിനിരയാക്കിയത് 33 പേർ; ഭീഷണിെപടുത്തി പീഡിപ്പിച്ചത് ആൺസുഹൃത്തും കൂട്ടുകാരും
text_fieldsതാനെ: ഒമ്പത് മാസത്തിനിടെ മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ 15കാരിയെ നിരവധി തവണ കൂട്ടബലാത്സംഗത്തിനിയാക്കിയ സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്താവരടക്കം 24 പേരെ അറസ്റ്റ് ചെയ്തു.
ജനുവരിയിൽ ആൺസുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി. ഈ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കാമുകന്‍റെ സുഹൃത്തുക്കൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
'പെൺകുട്ടിയുടെ ആൺസുഹൃത്ത് ജനുവരിയിൽ പീഡന ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിഡിയോ കാണിച്ച് ആൺസുഹൃത്ത് തന്നെ വീണ്ടും പീഡനത്തിനിരയാക്കി. ശേഷം അവന്‍റെ കൂട്ടുകാരും പരിചയക്കാരും ചേർന്ന് നാലോ അഞ്ചോ തവണ വിവിധ സ്ഥലങ്ങളിലായി കൂട്ട ബലാത്സംഗം ചെയ്തു. ഡോംബിവ്ലി, ബദ്ലാപുർ, മുർബാദ്, റാബാലെ എന്നിവിടങ്ങളിലായായിരുന്നു പീഡനം'- അഡീഷനൽ കമീഷണർ (ഈസ്റ്റ്) ദത്തേത്ര കരാലെ പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 24 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്ന് പേർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഈ വർഷം ജനുവരി 29 മുതൽ സെപ്റ്റംബർ 22 വരെയായിരുന്നു കൂട്ടബലാത്സംഗം. കേസ് അന്വേഷിക്കാനായി എ.സി.പി സോനാലി ദോലെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
33 പ്രതികളിൽ 24 പേരെ അറസ്റ്റ് ചെയ്തതായും ഇനിയും അറസ്റ്റിലാകാത്തവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില സാധാരണ നിലയിലായി.