'സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കാണിക്കാമോയെന്ന് ചോദ്യം, പുറത്തെടുത്തയുടൻ തോക്കുമായി അഞ്ചംഗ സംഘം പാഞ്ഞെത്തി'; പേരാവൂരിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ
text_fieldsപേരാവൂർ: ഡിസംബറിലെ സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ സംശയിക്കുന്ന സംഘത്തിലെ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ബുധനാഴ്ച രാത്രിയാണ് സംഭവം.
പേരാവൂരിൽ വ്യാപാരിയായ എ.കെ. സാദിഖിന്റെ കൈവശമുണ്ടായിരുന്ന സമ്മാനാർഹമായ ലോട്ടറി തട്ടിയെടുത്തെന്നാണ് പൊലീസിൽ ലഭിച്ച പരാതി. മുമ്പ് കണ്ടിട്ടുള്ള, എന്നാൽ അടുത്ത് പരിചയമില്ലാത്ത ഒരാൾ സമ്മാനാർഹമായ ലോട്ടറി കാണിക്കാമോ എന്ന് പലതവണ ചോദിച്ചപ്പോഴാണ് സാദിഖ് ലോട്ടറി പുറത്തെടുത്തത്. എന്നാൽ, ഈ സമയം അടുത്തുതന്നെ ഉണ്ടായിരുന്ന അഞ്ചംഗ സംഘം കടയിലേക്ക് കയറി തോക്കുചൂണ്ടി ലോട്ടറി കൈവശപ്പെടുത്തുകയും കാറിൽ രക്ഷപ്പെടുകയും ചെയ്തെന്നാണ് പരാതി.
പേരാവൂർ പൊലീസിന്റെ അന്വേഷണത്തിൽ ഷുഹൈബ് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഇയാൾ കുഴൽപണ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. സംഘം ഷുഹൈബിനെ കാറിൽ കയറ്റി കൊണ്ടുപോകുകയും കാക്കയങ്ങാടുവെച്ച് വാഹനത്തിൽനിന്ന് ഇറക്കിവിട്ടു എന്നുമാണ് പൊലീസിന് നൽകിയ വിവരം.
എന്നാൽ, തട്ടിപ്പ് സംഘത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ലോട്ടറി ഫലം വന്ന് 15 ദിവസത്തോളമായിട്ടും സമ്മാനം കൈപ്പറ്റുന്നതിന് ബാങ്കിൽ സമർപ്പിച്ചിരുന്നില്ല. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പേരാവൂരിലെ ഒരു ലോട്ടറി സ്റ്റാളിൽനിന്നാണ് സാദിഖ് ലോട്ടറി വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

